palakkad express news

വർധിത ഭൂരിപക്ഷത്തിൽ പാലക്കാട് യുഡിഎഫ് വിജയിക്കും: വി ഡി സതീശൻ

പാലക്കാട്‌: വരുന്ന തെരഞ്ഞെടുപ്പിൽ വർധിത ഭൂരിപക്ഷത്തിൽ പാലക്കാട് യുഡിഎഫ് വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഈ നാട്ടിലെ ഭൂരിഭാഗം ജനങ്ങളും യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലെയും അദ്ദേഹം ഉയർത്തി കാട്ടുന്ന രാഷ്ട്രീയത്തെയും നെഞ്ചിലേറ്റിയിരിക്കുന്നു. പാലക്കാട് മാത്രമല്ല ചേലക്കരയും യുഡിഎഫ് തിരികെ പിടിക്കും. അത്രമേൽ പിന്തുണ കേരളമാകെ ജനാധിപത്യ മുന്നണിക്ക് ലഭിക്കുന്നു. ഈ സർക്കാരിന്റെ നെറികെട്ട ഭരണത്തിനെതിരെ പ്രതിഷേധിക്കുവാൻ ജനങ്ങൾ ഒരു സുവർണ്ണ അവസരത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. സിപിഎം സഹയാത്രികർ പോലും യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യും. പിണറായി വിജയൻ കഴിഞ്ഞാൽ സിപിഎമ്മിന്റെ ഏറ്റവും സമുന്നതനായ നേതാവ് പോലും ഈ ഭരണത്തെ ജനങ്ങളും പ്രവർത്തകരും മടുത്തതായി തുറന്നു കാട്ടിയിരുന്നു. നാട്ടിൽ വർഗീയത ആഴത്തിൽ പടർത്തി മതേതര ജനാധിപത്യ ചേരിയെ തകർക്കുവാൻ ബിജെപി ശ്രമിക്കുമ്പോൾ അതിനെതിരായ പോരാട്ടം യുഡിഎഫ് ആണ് നയിക്കുന്നത്. രണ്ടാമത് എത്തുവാൻ വേണ്ടി അല്ല സിപിഎം ഈ തെരഞ്ഞെടുപ്പിൽ നിലകൊള്ളുന്നത്. മറിച്ച് ബിജെപിയുടെ വിജയത്തിനുവേണ്ടി വഴിയൊരുക്കുന്ന സമീപനമാണ് സിപിഎം പുലർത്തുന്നത്. കേരളത്തിൽ സംഘപരിവാറിന് ഒരു ഇടം ഉണ്ടാക്കി നൽകുവാനുള്ള പരിശ്രമത്തിലാണ് പിണറായി വിജയനും സിപിഎമ്മും. ഇരുകൂട്ടരും തമ്മിലുള്ള ബാന്ധവത്തിന് എതിരായിട്ടുള്ള ജനവിധിയാകും പാലക്കാട് നൽകുക. യുഡിഎഫിന് എല്ലാകാലത്തും നെഞ്ചിലേറ്റിയ പാലക്കാട്ടെ ജനത രാഹുലിനെ ഉജ്വലഭൂരിപക്ഷത്തിൽ വിജയിപ്പിക്കുമെന്നും കേരളത്തിലെ രാഷ്ട്രീയ ഗതിമാറ്റത്തിനുള്ള തിരികൊളുത്തിലാകും ഇവിടുത്തെ ജനവിധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *