palakkad express news

എല്‍.ഡി.എഫ് എം.എല്‍.എയ്ക്ക് എതിരായ 100 കോടിയുടെ കോഴ ആരോപണത്തില്‍ മുഖ്യമന്ത്രി എന്ത് നടപടി എടുത്തു? സംഘ്പരിവാറിലേക്ക് ആളെ കൂട്ടാന്‍ ശ്രമിച്ചതു കൊണ്ട് ഭയന്നാണോ നടപടി എടുക്കാത്തത്

ബി.ജെ.പി സഖ്യത്തിലുള്ള അജിത്പവാറിന്റെ എന്‍.സി.പിയിലേക്ക് ചേരുന്നതിന് വേണ്ടി എല്‍.ഡി.എഫ് എം.എല്‍.എയാണ് അവരുടെ തന്നെ രണ്ട് എം.എല്‍.എമാര്‍ക്ക് ഓഫര്‍ നല്‍കിയത്. ഇക്കാര്യം അറിഞ്ഞിട്ടും മുഖ്യമന്ത്രി എന്ത് നടപടിയാണ് എടുത്തത്? നടപടി എടുക്കാതെ മുഖ്യമന്ത്രി അതിന് കൂട്ടുനില്‍ക്കുകയായിരുന്നോ? മുഖ്യമന്ത്രിക്ക് മാത്രം അറിയാവുന്ന രഹസ്യമായതു കൊണ്ടാണ് തോമസ് കെ. തോമസിനെ മന്ത്രിയാക്കാതിരുന്നതെന്ന തരത്തിലാണ് വാര്‍ത്തകള്‍ വരുന്നത്. സംഘ്പരിവാര്‍ പക്ഷത്തേക്ക് ആളെ കൂട്ടാനാണ് എം.എല്‍.എ ശ്രമിച്ചത്. അതുകൊണ്ട് ഭയന്നാണോ മുഖ്യമന്ത്രി നടപടി എടുക്കാതിരുന്നത്? 

ബി.ജെ.പിക്ക് ഒപ്പമുള്ള കൃഷ്ണന്‍കുട്ടിയുടെ പാര്‍ട്ടി മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടല്ലോ. ബി.ജെ.പിക്ക് ദേഷ്യം വന്നാലോ എന്നു കരുതിയാണ് മുഖ്യമന്ത്രി ഒന്നും പറയാത്തത്. ബി.ജെ.പിയുമായുള്ള ബന്ധം 24 മണിക്കൂറിനകം അവസാനിപ്പിക്കണമെന്ന് ആ പാര്‍ട്ടിയോട് ആവശ്യപ്പെടാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടായോ? ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കുമെന്ന് കൃഷ്ണന്‍കുട്ടിയോട് പറയാനുള്ള ധൈര്യമെങ്കിലും മുഖ്യമന്ത്രിക്കുണ്ടോ? 

100 കോടിയുടെ കോഴ അറിഞ്ഞിട്ടും ഒരു നടപടിയുമില്ല. കോഴ വാഗ്ദാനം ചെയ്താല്‍ കേസെടക്കണ്ടേ? മുഖ്യമന്ത്രിക്ക് മാത്രം അറിയാവുന്ന വിവരത്തെ കുറിച്ച് മുഖ്യമന്ത്രി തന്നെ അഭിപ്രായം പറയട്ടെ. സ്വന്തം പാര്‍ട്ടിയിലെ എം.എല്‍.എ കോഴ നല്‍കിയെന്ന ആരോപണത്തില്‍ എന്‍.സി.പി നേതാവ് പി.സി ചാക്കോയും പ്രതികരിക്കണം. ചാക്കോയല്ലേ ആരോപണ വിധേയനായ എം.എല്‍.എയെ മന്ത്രിയാക്കാന്‍ നടന്നത്. എല്ലാ ചോദ്യങ്ങള്‍ക്കും ഞങ്ങള്‍ മാത്രമെ മറുപടി നല്‍കൂ. എന്നിട്ടും ഞങ്ങളെ ആളുകളെ കുരുക്കാന്‍ മാത്രം മാധ്യമങ്ങള്‍ ഇറങ്ങരുത്. 

ഒരു കാര്യത്തിലും മുഖ്യമന്ത്രിക്ക് മറുപടിയില്ല. സ്വന്തം ജില്ലയിലെ ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത് എട്ട് ദിവസത്തേക്ക് ചുണ്ടനക്കിയില്ലല്ലോ? ആ കുടുംബത്തെ ഒന്ന് ആശ്വസിപ്പിക്കാനുള്ള മര്യാദയും മനസാക്ഷിയും മുഖ്യമന്ത്രിക്ക് ഉണ്ടായോ? എ.ഡി.എമ്മിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപസംഘം തന്നെയല്ലേ സംരക്ഷിക്കുന്നത്? മനസാക്ഷിയില്ലാത്ത മുഖ്യമന്ത്രിയും ഉപജാപകസംഘത്തിനൊപ്പമാണ്. അതേ ഉപജാപകസംഘമാണ് മുഖ്യമന്ത്രിയെയും നിയന്ത്രിക്കുന്നത്. ടിഷ്യൂ പേപ്പറില്‍ എഴുതി നല്‍കിയാലും മുഖ്യമന്ത്രി ഒപ്പിട്ടു നല്‍കുമെന്ന് പറഞ്ഞത് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. ഇപ്പോള്‍ പിണറായിയെ നിയന്ത്രിക്കുന്നത് ഈ ഉപജാപകസംഘമാണ്. ഇരട്ടച്ചങ്ക് എന്നൊക്കെ വെറുതെ പറയുന്നതാണ്. ഉപജാപകസംഘത്തെ ഭയന്നാണ് എ.ഡി.എമ്മിന്റെ കുടുംബത്തോട് പോലും മുഖ്യമന്ത്രി സംസാരിക്കാതിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *