palakkad express news

മഴക്കാല പകര്‍ച്ചവ്യാധികള്‍: അതീവശ്രദ്ധ വേണം

മഴക്കാലമായതിനാല്‍ വിവിധതരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ വരാന്‍ സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ അതീവ ശ്രദ്ധ ചെലുത്തണമെന്നും മസ്തിഷ്‌കജ്വരം, എലിപ്പനി, വൈറല്‍ പനി പോലുള്ള രോഗങ്ങളെ കരുതിയിരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

അമീബിക് മെനിഞ്ചൈറ്റിസ്

അപൂര്‍വ്വമായി ഉണ്ടാകുന്ന ഈ രോഗം ‘നിഗ്ലേറിയ ഫൌളേരി’ എന്ന ഏകകോശ ജീവിയാണ് പരത്തുന്നത്. മലിനമായ വെള്ളത്തിലൂടെയാണ് രോഗാണു മനുഷ്യരിലേക്ക് പടരുന്നത്. മലിനമായ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ‘തലച്ചോറ് തിന്നുന്ന അമീബ’ എന്ന് വിശേഷണമുള്ള ഈ രോഗാണുവിന്റെ സാന്നിധ്യം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. മൂക്ക്, കണ്ണ്, ചെവി, മറ്റു മുറിവുകള്‍ എന്നിവയില്‍ കൂടിയാണ് മനുഷ്യ ശരീരത്തില്‍ ഈ ഏകകോശജീവി പ്രവേശിക്കുക. ഇത് നാഡീവ്യൂഹത്തെയും തലച്ചോറിനെയും നശിപ്പിക്കുന്നത് വഴി മരണം വരെ സംഭവിക്കാം. മറ്റ് മെനിഞ്ചൈറ്റിസ് രോഗങ്ങളേക്കാള്‍ കൂടുതല്‍ വേഗത്തില്‍ തലച്ചോറിന് നാശം വരുത്തുന്നതാണ് അമീബിക്ക് മെനിഞ്ചൈറ്റിസ്. പ്രധാനമായും തലച്ചോറിന് ചുറ്റുമുള്ള ആവരണത്തെ ബാധിക്കുകയും പിന്നീട് തലച്ചോറിനെയും ഈ ഏകകോശ ജീവി ബാധിക്കും. കടുത്ത പനി, തലവേദന, വയറുവേദന, ഛര്‍ദി, ഓക്കാനം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് കഴുത്തു വേദനയും മാനസികാസ്വസ്ഥ്യവും അപസ്മാര ലക്ഷണങ്ങളും കാണിക്കാം. ജലാശയങ്ങളിലും നീന്തല്‍കുളങ്ങളിലും മുങ്ങിക്കുളിക്കുകയോ ചാടിക്കുളിക്കുകയോ ചെയ്യുമ്പോള്‍ ആണ് അമീബ പ്രധാനമായും മൂക്കിലൂടെ തലച്ചോറില്‍ എത്തുന്നത്. അമീബിക് മെനിഞ്ചൈറ്റിസിനെ പ്രതിരോധിക്കുന്നതിനായി കുളിക്കുമ്പോള്‍ തല ഉയര്‍ത്തിപ്പിടിച്ച് വെള്ളത്തില്‍ മുങ്ങാത്ത രീതിയില്‍ കുളിക്കുക, ശരീരത്തിലേക്ക് അമീബ പ്രവേശിക്കുന്നതിന് തടസ്സമായി വായ്, ചെവി, കണ്ണ് എന്നിവ മൂടുക, ക്ലോറിനേഷന്‍ ചെയ്യുന്നത് ഈ അമിബയെ നശിപ്പിക്കുമെന്നതിനാല്‍ നീന്തല്‍കുളങ്ങള്‍, ഫ്‌ളാറ്റിലും ഹോട്ടലുകളിലും ഉള്ള പൂളുകള്‍ എന്നിവ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേഷന്‍ നടത്തുക, എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ടായാല്‍ സ്വയം ചികിത്സയ്ക്ക് മുതിരാതെ എത്രയും വേഗം ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കുക. നേരത്തെ ചികിത്സ ആരംഭിക്കുന്നത് അത്രയും തന്നെ ജീവന്‍ രക്ഷിക്കാന്‍ സഹായകരമായതിനാല്‍ ലക്ഷണങ്ങള്‍ ഉണ്ടായ ഉടന്‍ തന്നെ ചികിത്സ തേടുക.

Leave a Comment

Your email address will not be published. Required fields are marked *