പാലക്കാട് :ജില്ലയിൽ ശക്തമായ കാലവർഷം തുടരുന്ന സാഹചര്യത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പാറക്കെട്ടുകൾ ഉൾപ്പെടുന്ന മലയോര മേഖലകളിലും വെള്ളച്ചാട്ടങ്ങളിലും ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ജില്ലാ കളക്‌ടർ കെ സുധീർ അറിയിച്ചു.പ്രതികൂല കാലാവസ്ഥ നിലനിൽക്കുന്ന പ്രദേശങ്ങളിൽ പ്രദേശ വാസികൾ എന്ന പേരിൽ സഞ്ചാരികളും വ്‌ളോഗർമാരും എത്തുന്നത് ഒഴിവാക്കണം. ഇത്തരം കേന്ദ്രങ്ങളിൽ ജില്ലാ ഭരണകൂടം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുള്ളതിനാൽ പ്രദേശവാസികൾ പോലും അടിയന്തര ആവശ്യങ്ങൾക്ക് അല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്‌ടർ നിർദ്ദേശിച്ചു. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങളെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.