
മഴക്കാലത്തോടനുബന്ധിച്ച പകര്‍ച്ചവ്യാധികള്‍ക്കെതിരേയുള്ള രോഗപ്രതിരോധം അതിപ്രധാനമെന്ന് ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി. പകര്‍ച്ചവ്യാധി പ്രതിരോധ മുന്നൊരുക്കങ്ങള്‍, മന്തുരോഗനിവാരണ യജ്ഞം, ദേശീയ പുകയില നിയന്ത്രണ പരിപാടി സംബന്ധിച്ച ഇന്റര്‍സെക്ടര്‍ യോഗം ചേമ്പറില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷയില്‍ ചേര്‍ന്നു. കാലവര്‍ഷമായാല്‍ വിവിധ പകര്‍ച്ചവ്യാധി രോഗങ്ങള്‍ വര്‍ധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് ജാഗ്രത പാലിക്കാനും സംയുക്തപരിശോധനകള്‍ നടത്താനും നിര്‍ദേശിച്ചു. ഡെങ്കി, എലിപ്പനി, ഹെപ്പറ്ററ്റീസ് എ തുടങ്ങിയ രോഗങ്ങള്‍ക്കെതിരേ പൊതുജന സഹകരണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്നും ജില്ലാ കലക്ടര്‍ യോഗത്തില്‍ വ്യക്തമാക്കി.ഡെങ്കിപനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത അകത്തേത്തറ, പുതുപരിയാരം, കുമരംപുത്തൂര്‍ ഭാഗങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും. വീടുകളില്‍ കുടിവെള്ളം ശേഖരിക്കുന്നതിനായി ഡ്രമ്മുകള്‍, ടാങ്കുകള്‍, കുടങ്ങള്‍ എന്നിവ അടപ്പില്ലാതെ വെയ്ക്കുന്നത് കൊതുക് പ്രജനനത്തിന് കാരണമാകുന്നതിനാല്‍, ഇവിടങ്ങളില്‍ കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ വാട്ടര്‍ അതോറിറ്റി, തദ്ദേശസ്വയംഭരണ വകുപ്പുകള്‍ സംയുക്തപരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കുക, പൊതുയിടങ്ങള്‍ ശുചീകരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കും. കാര്‍ഷിക മേഖലയില്‍ ജോലി ചെയ്യുന്നവര്‍, വീടുകളില്‍ തോട്ടം പരിപാലനത്തില്‍ ഏര്‍പ്പെടുന്നവര്‍ ഉള്‍പ്പെടെ എലിപ്പനിക്കെതിരേ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.