
തൃശ്ശൂർ :2026 കേരള നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെണ്ണൽ പ്രക്രിയ നടത്തുന്നതിനായി തൃശൂർ ജില്ല പൂർണ്ണമായും സജ്ജമായി. സുതാര്യവും ക്രമബദ്ധവും സുരക്ഷിതവുമായ രീതിയിൽ വോട്ടെണ്ണൽ നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുള്ളതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു.ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലെ (LACs) വോട്ടെണ്ണൽ മൂന്ന് കേന്ദ്രങ്ങളിലായാണ് നടത്തപ്പെടുന്നത്. ഗവ. തൃശ്ശൂർ എൻജിനീയറിംഗ് കോളേജ്, ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് എന്നീ കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ പ്രക്രിയ നടക്കുന്നത്.ഓരോ മണ്ഡലത്തിലും വോട്ടെണ്ണൽ നിരീക്ഷിക്കാൻ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) 13 കൗണ്ടിംഗ് നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്.വോട്ടെണ്ണലുമായി ബന്ധപ്പെട്ട് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ജില്ലാ ഭരണകൂടവും ജില്ലാ സിറ്റി – റൂറൽ പോലീസ് സേനയും ചേർന്ന് ആവിഷ്കരിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾ പ്രകാരം വോട്ടെണ്ണൽ കേന്ദ്രത്തിലേക്കുള്ള പ്രവേശനം കർശ്ശന നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും.വോട്ടെണ്ണൽ ദിനത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങൾ ചുറ്റി 100 മീറ്റർ പരിധിയിൽ “ പെഡസ്‌ട്രിയൻ സൂൺ” ആയി പ്രഖ്യാപിച്ചു. യാതൊരു കാരണവശാലും വാഹനങ്ങൾ പരിധിക്കുള്ളിലേക്ക് കടത്തിവിടുന്നതല്ല. വാഹനങ്ങൾ ഇതിന് പുറത്ത് പാർക്ക് ചെയ്യേണ്ടതാണ്. അതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് മൂന്നു തലത്തിലുള്ള സുരക്ഷാസംവിധാനം കൂടാതെ സിസി ടിവി, ഡ്രോൺ നിരീക്ഷണം എന്നിവയും നടപ്പിലാക്കിയിട്ടുണ്ട്. വോട്ടെണ്ണലിന് നിയോഗിച്ചിട്ടുള്ള എല്ലാ ഉദ്യോഗസ്ഥരും നിയമനിർവഹണ വിഭാഗങ്ങളും സ്ഥാനാർത്ഥികളും ഏജന്റുമാരും ഉൾപ്പെടെ എല്ലാവരും ഇ സി ഐ നൽകുന്ന തിരിച്ചറിയൽ കാർഡ് കൈവശം കരുതേണ്ടതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ അറിയിച്ചു.എക്സിക്യൂട്ടീവ് മജിസ്ട്രേറ്റും സി എ പി എഫ് സേനയും ചേർന്ന് പ്രവേശനത്തിന് മുൻപ് തിരിച്ചറിയൽ രേഖ പരിശോധിച്ച് ബോധ്യമായതിനുശേഷം മാത്രമേ വോട്ടെണ്ണലിന് നിയുക്തരായവർക്ക് വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശനം സാധ്യമാകുകയുള്ളു.