തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കണ്ണാടി പഞ്ചായത്തിലെ തെരുവുക്കുറിശ്ശി വോട്ടർമാർക്ക് പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കൂടുതൽ തുടരന്വേഷണം നടക്കും. എം സി സി പ്രകാരമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും. സംഭവവുമായി അടിയന്തരമായി എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പാലക്കാട് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച വാർത്തകൾ വന്നതിനെത്തുടർന്ന് ഫ്ലയിംഗ് സ്ക്വാഡ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. സ്ഥാനാർത്ഥിയുടെ കയ്യിൽ നിന്ന് പണം കൈപ്പറ്റിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ദേവു (65 വയസ്സ്) എന്ന സ്ത്രീയുടെ മൊഴി ഫ്ലയിംഗ് സ്ക്വാഡ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, താൻ പണം കൈപ്പറ്റിയിട്ടില്ലെന്ന് ദേവു മൊഴി നൽകി. എങ്കിലും, പരാതിയുടെ ഗൗരവം കണക്കിലെടുത്ത് കൂടുതൽ തുടരന്വേഷണം നടത്താൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെയും ജനപ്രാതിനിധ്യ നിയമത്തിന്റെയും ലംഘനം നടന്നോ എന്ന് നിയമപരമായി പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിനായി പാലക്കാട് നിയോജക മണ്ഡലം വരണാധികാരിയെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചു. ഏപ്രിൽ 11-ന് മുൻപായി ഹിയറിംഗ് പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകി.