palakkad express news

കർഷകർക്കൊപ്പം ഉണ്ടാകും എന്ന് എ സുരേഷ്

മലമ്പുഴ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി എ സുരേഷിന്റെ ഇന്നത്തെ തെരഞ്ഞെടുപ്പ് പര്യടനം ആരംഭിക്കുന്നത് കർഷകരുമായുള്ള കൂടിക്കാഴ്ചയോടെയാണ്. കേരളത്തിന്റെ നെല്ലറ കൂടിയായ പാലക്കാടും ജില്ലയിലെ കർഷകരും സമാനതകളില്ലാത്ത ദുരിതങ്ങളാണ് അനുഭവിക്കുന്നത്. ആ ദുരിതങ്ങളുടെ നേർക്കാഴ്ചകൾ ആയിരുന്നു കർഷകർക്ക് സ്ഥാനാർത്ഥിയുമായി പങ്കുവെക്കുവാൻ ഉണ്ടായിരുന്നത്. തങ്ങളുടെ ദുരിതങ്ങൾ ആരും കാണുന്നില്ലെന്ന പരിഭവമാണ് അവർ സ്ഥാനാർത്ഥിയോട് പങ്കുവെച്ചത്. കർഷകരുടെ പ്രശ്നങ്ങളെ ശ്രദ്ധാപൂർവ്വം കേട്ട എ സുരേഷ് അവർക്കുവേണ്ടി എക്കാലവും നിലകൊള്ളും എന്ന വാഗ്ദാനവും നൽകി. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിക്ക് കെട്ടിവയ്ക്കുന്നതിനുള്ള തുക കൈമാറിയതും കർഷകർ തന്നെയാണ്. പിന്നീട് സ്ഥാനാർത്ഥി പോയത് നോമിനേഷൻ സമർപ്പണത്തിന് വേണ്ടിയാണ്.

പാലക്കാട്‌ സിവിൽ സ്റ്റേഷനിലെത്തി റിട്ടേണിംഗ് ഓഫീസറായ പാലക്കാട് പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ മുൻപാകെയാണ് നാമനിർദേശക പത്രിക സമർപ്പിച്ചത്. അഞ്ചുവിളക്ക് പരിസരത്തു നിന്നും പ്രകടനമായി സിവിൽ സ്റ്റേഷനിലെത്തിയായിരുന്നു നാമനിർദേശക പത്രിക സമർപ്പണം നടന്നത്. വി കെ ശ്രീകണ്ഠൻ എംപി, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എസ് കെ അനന്തകൃഷ്ണൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിനോദ് ചെറാട്, യുഡിഎഫ് മലമ്പുഴ നിയോജകമണ്ഡലം ചെയർമാൻ കോയക്കുട്ടി എന്നിവരാണ് സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നത്. സിവിൽ സ്റ്റേഷൻ പരിസരത്ത് ഉണ്ടായിരുന്നവരോട് സ്ഥാനാർഥി വോട്ടഭ്യർത്ഥന നടത്തുകയും ചെയ്തു. ഇതിനിടെ സുൽത്താൻപേട്ട രൂപതാ ബിഷപ്പ് റവ. ഡോ പീറ്റർ ആബിർ ആന്റണിയെ സന്ദർശിച്ച് സ്ഥാനാർത്ഥി ആശിർവാദം ഏറ്റുവാങ്ങി.

പിന്നീട് മരുതറോഡ് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലാണ് സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥനയുമായി കടന്നുചെന്നത്. വ്യാപാര സ്ഥാപനങ്ങളും ഭവനങ്ങളും കേന്ദ്രീകരിച്ച് സ്ഥാനാർത്ഥി വോട്ടഭ്യർത്ഥന നടത്തി. ഇതിനിടയിൽ യുഡിഎഫ് പ്രവർത്തകർക്കൊപ്പം ചുവരെഴുത്ത് നടത്തുവാനും സ്ഥാനാർത്ഥി സമയം കണ്ടെത്തി. വൈകുന്നേരം മുണ്ടൂർ യുഡിഎഫ് മണ്ഡലം കൺവെൻഷനിലും എ സുരേഷ് പങ്കെടുത്ത് സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *