
പാലക്കാട്: തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മലമ്പുഴ നിയോജകമണ്ഡലം യുഡിഎഫ് ഉയർന്ന ഭൂരിപക്ഷത്തിൽ പിടിച്ചെടുക്കുമെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം വി കെ ശ്രീകണ്ഠൻ എംപി. മലമ്പുഴ നിയോജക മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലമ്പുഴ നിയോജക മണ്ഡലം വികസന പ്രവർത്തനങ്ങളിൽ ഏറെ പിന്നിലാണ്. അതിന് ഇടവരുത്തിയത് പോയകാലത്തെ എംഎൽഎമാരാണ്. യാതൊരു വിധത്തിലുള്ള വികസന പ്രവർത്തനങ്ങളും നടപ്പാക്കുവാൻ ഇടത് ജനപ്രതിനിധികൾക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ അഞ്ചു വർഷക്കാലം മണ്ഡലത്തെ പ്രതിനിധീകരിച്ച എംഎൽഎ യാതൊന്നും ചെയ്യാതെയാണ് വീണ്ടും തെരഞ്ഞെടുപ്പിൽ മത്സര രംഗത്തേക്ക് കടന്നുവന്നത്. സംസ്ഥാനത്ത് ആകെ സർക്കാരിനെതിരെ കടുത്ത ജനവികാരം നിലനിൽക്കുന്നുണ്ടെന്നും അത് മലമ്പുഴയിലും യുഡിഎഫിന് അനുകൂലമായ സൃഷ്ടിക്കുമെന്നും പി കെ ശ്രീകണ്ഠൻ എംപി പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി എ സുരേഷ്, ഡിസിസി ജനറൽ സെക്രട്ടറി എസ് കെ അനന്തകൃഷ്ണൻ, വിനോദ് ചെറാട്, എം വി രാധാകൃഷ്ണൻ, വിജയ് ഹൃദയരാജ്, പി കെ വാസു, എ എൻ രാധാകൃഷ്ണൻ, ശിവരാജേഷ്, മരുത റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
