പാലക്കാട്: ജില്ലയിലെ കല്ലേക്കാട് ആർഎസ്എസ് നേതൃത്വത്തിലുള്ള വ്യാസ വിദ്യാപീഠത്തിലെ ഹോസ്റ്റലിൽ പ്ലസ് വൺ വിദ്യാർഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം അതീവ ഗൗരവമുള്ളതും, സമൂഹമനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും, വിദ്യാർത്ഥിനിയുടെ മരണത്തിൽ സുതാര്യവും, സ്വതന്ത്രവുമായ അന്യോഷണം അനിവാര്യമാണന്നും എസ് ഡി പി ഐ ജില്ലാ പ്രസിഡണ്ട് ഷെഹീർ ചാലിപ്പുറം ആവശ്യപ്പെട്ടു.പഠന സ്ഥാപനങ്ങൾ കുട്ടികൾക്ക് സുരക്ഷിതമായ ഇടങ്ങളാകേണ്ട സാഹചര്യത്തിൽ, ഒരു വിദ്യാർഥിനിയുടെ ജീവൻ നഷ്ടപ്പെട്ടത് ഭരണകൂടത്തിന്റെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്മെന്റിന്റെയും ഗുരുതര വീഴ്ചയാണ്.മരിച്ച വിദ്യാർഥിനിയുടെ കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങൾ അതീവ ഗൗരവത്തോടെ പരിഗണിക്കപ്പെടണം. സീനിയർ വിദ്യാർഥികളുടെ പീഡന വിവരം അറിഞ്ഞിട്ടും നടപടി സ്വീകരിക്കാതിരുന്ന ഹോസ്റ്റൽ വാർഡന്റെയും , സ്കൂൾ അധികൃതരുടെ നിലപാടും കുട്ടിയുടെ ആത്മഹത്യക്ക് വഴിവെച്ചോയെന്ന് സമഗ്രമായി അന്വേഷിക്കണം. സ്കൂൾ അധികൃതർ ആരോപണങ്ങൾ നിഷേധിക്കുന്നത് സത്യാവസ്ഥ പുറത്തു വരുന്നതിൽ ഭയപ്പാട് കൊണ്ടാണ്. സത്യം പുറത്ത് കൊണ്ട് വരാൻ അന്വേഷണ ഏജൻസികളുമായി പൂർണമായി സഹകരിക്കണം.ഈ വിഷയത്തിൽ അഭ്യന്തര വകുപ്പ് നേരിട്ട് ഇടപെട്ട് സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം ഉറപ്പാക്കണം. ആഭ്യന്തര വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച്, മരണത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ വെളിപ്പെടുത്തണം. കുറ്റക്കാരായി കണ്ടെത്തപ്പെടുന്നവർ ആരായാലും, അവർ നിയമത്തിന്റെ മുന്നിൽ ഉത്തരവാദികളാക്കപ്പെടണം.വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹോസ്റ്റലുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിലവിലെ സംവിധാനങ്ങൾ പുനഃപരിശോധിക്കണമെന്നും, ഹോസ്റ്റൽ വാർഡൻമാരുടെയും, അധ്യാപകരുടെയും ഉത്തരവാദിത്വങ്ങൾ കർശനമായി നടപ്പിലാക്കുന്നുണ്ടെന്ന് ഭരണകൂടം ഉറപ്പാക്കണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികൾ സർക്കാർ അടിയന്തരമായി സ്വീകരിക്കണം.വിദ്യാർത്ഥിനിയുടെ വിയോഗത്തിൽ ദുഃഖിതരായ കുടുംബത്തോടൊപ്പം എസ്ഡിപിഐ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. നീതി ലഭിക്കുന്നതുവരെ പാർട്ടി ഈ വിഷയത്തിൽ ശക്തമായ ഇടപെടൽ തുടരുമെന്നും, വിദ്യാർഥികളുടെ ജീവനും, സുരക്ഷയും രാഷ്ട്രീയ സ്വാധീനങ്ങൾക്കുമുകളിൽ ആണെന്ന കാര്യം സർക്കാർ ബോധ്യപ്പെടണമെന്നുംഎസ് ഡി പി ഐ ആവശ്യപ്പെടുന്നു.