പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗ സാധ്യത മുന്നില്‍ കണ്ട് കെട്ടിടങ്ങളിലും തീപീടുത്ത സാധ്യതയുള്ള മേഖലകളിലും അടിയന്തര ഫയര്‍ ഓഡിറ്റ് നടപ്പിലാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക നിര്‍ദ്ദേശം നല്‍കി. മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, വ്യവസായ മേഖലകള്‍, കാട്ടുതീ സാധ്യതയുള്ള വനത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍, ഒഴിഞ്ഞു കാട് പിടിച്ചു കിടക്കുന്ന സ്ഥലങ്ങള്‍, പടക്കനിര്‍മ്മാണ ശാലകളും വില്പനകേന്ദ്രങ്ങളും, മറ്റ് തീപിടുത്ത സാധ്യത കൂടുതലുള്ള പൊതു – സ്വകാര്യ കെട്ടിടങ്ങള്‍ /സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടപ്പിലാക്കാനാണ് നിര്‍ദ്ദേശം. ഉഷ്ണതരംഗ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് നിര്‍ദ്ദേശം. ചൂട് കൂടുതലുള്ള രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു മണി വരെയുള്ള സമയത്ത് പാര്‍ക്കുകള്‍ പോലുള്ള വിശ്രമ കേന്ദ്രങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും ജില്ല കളക്ടര്‍ നിര്‍ദ്ദേശിച്ചു.പാലക്കാട് ജില്ലയില്‍ കഴിഞ്ഞ ഏഴു ദിവസത്തിലധികമായി താപനില 34 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാണ്. കഴിഞ്ഞ വര്‍ഷം സൂര്യാഘാതം, സൂര്യാതപം എന്നിവ മൂലം രണ്ടു മരണങ്ങളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഉഷ്ണം മൂലമുള്ള 675 അസുഖങ്ങളും കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു.സംസ്ഥാന ഹീറ്റ് ആക്ഷന്‍ പ്ലാനില്‍ ചുമതല നിശ്ചയിക്കപ്പെട്ടിരിക്കുന്ന പ്രധാന വകുപ്പുകളെല്ലാം അവരവരുടെ വകുപ്പുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ചൂട് കൂടുതലുള്ള സാഹചര്യത്തില്‍ തണ്ണീര്‍ പന്തല്‍ ആരംഭിക്കാനും കുടിവെള്ള വിതരണം ഉറപ്പാക്കാനും എസ്.ഡി.ആര്‍.എഫ് ഉപയോഗിച്ച് സ്ഥാപിച്ചിട്ടുള്ള വാട്ടര്‍ കിയോസ്‌കുകള്‍ പരിശോധിച്ച് ആവശ്യാനുസരണം നന്നാക്കാനും തൊഴിലുറപ്പ് തൊഴിലാളുകളുടെ തൊഴില്‍ സമയത്തില്‍ ക്രമീകരണം വരുത്താനും തദ്ദേശ സ്വയംഭരണ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.ഉഷ്ണകാല രോഗങ്ങളുമായി ബന്ധപ്പെട്ട ബോധവത്കരണത്തിന് ആശാവര്‍ക്കര്‍മാരുടെയും, ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെയും സേവനം ഉറപ്പാക്കാനും ഉത്സവപ്പറമ്പുകളിലെ പരിസരത്തുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ പൊള്ളല്‍, ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ നേരിടാന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഉറപ്പാക്കാനും ആശുപത്രികളില്‍ ശുദ്ധജലം, മരുന്ന്, ഒ.ആര്‍.എസ്, ഐസ് പാക്ക് എന്നിവയുടെ ലഭ്യത ഉറപ്പാക്കാനും ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. .സ്‌കൂളുകളില്‍ വാട്ടര്‍ ബെല്‍ സമ്പ്രദായം നടപ്പിലാക്കാനും കുടിവെള്ള ലഭ്യത ഉറപ്പാക്കാനും വിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ക്ലാസ് മുറികളില്‍ ഫാനുകളും, കൃത്യമായ വായു സഞ്ചാരവും ഉറപ്പാക്കണം. അത്യാവശ്യമെങ്കില്‍ മാത്രമേ സ്‌പെഷ്യല്‍ ക്ലാസുകള്‍ നടത്താവു. അസംബ്ലികള്‍, പി.റ്റി പിരിയഡുകള്‍ എന്നിവ നിയന്ത്രിക്കണം. യൂണിഫോമുകളില്‍ ഷൂസ്, സോക്‌സ്, ടൈ തുടങ്ങിയവയില്‍ ഇളവ് നല്‍കാനും നിര്‍ദ്ദേശമുണ്ട്.തൊഴില്‍ സമയം പുനഃക്രമീകരിച്ചത് നടപ്പാക്കുന്നുണ്ടെന്നും തൊഴിലിടങ്ങളില്‍ വിശ്രമസ്ഥലം, കുടിവെള്ളം എന്നിവ ഉണ്ടെന്ന് ഉറപ്പാക്കുന്നതിനും തൊഴില്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. അതിഥി തൊഴിലാളികള്‍ക്ക് ഇതര ഭാഷകളില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും വേണം.വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ കണ്ടെത്താനും ജലസ്രോതസ്സുകളുടെ നിലവിലെ അവസ്ഥ പരിശോധിക്കുന്നതിനും കൃഷി വകുപ്പിന് നിര്‍ദ്ദേശം നല്‍കി.ആവശ്യാനുസരണം കുടിവെള്ള വിതരണം ഉറപ്പുവരുത്താനും ജല മോഷണം കണ്ടെത്താനും വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. ജല സ്രോതസ്സുകളില്‍ ആവശ്യത്തിന് വെള്ളം ഉണ്ടെന്നും വാട്ടര്‍ അതോറിറ്റി ഉറപ്പാക്കണം. ഏറ്റവും ചൂട് കൂടുതലുള്ള പകല്‍ 11 മുതല്‍ മൂന്ന് മണി വരെയുള്ള സമയങ്ങളില്‍ വൈദ്യുതി മുടക്കം ഒഴിവാക്കാനും പ്രധാന സ്ഥാപനങ്ങളിലെ വൈദ്യുതി മുടക്കം നിയന്ത്രിക്കാനും കെ.എസ്.ഇ.ബിയോട് നിര്‍ദ്ദേശിച്ചു. .പ്രത്യേക പരിഗണന നല്‍കേണ്ടവര്‍ക്ക് ആയത് ഉറപ്പുവരുത്താനും അങ്കണവാടികളില്‍ കുടിവെള്ള ലഭ്യതയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാനും വനിതാശിശു വികസന വകുപ്പിന് നിര്‍ദ്ദേശം നല്‍കി. കടുത്ത വേനലില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ബോധവത്കരണം നല്‍കാന്‍ സാമൂഹിക നീതി വകുപ്പിനോട് നിര്‍ദ്ദേശിച്ചു.മൃഗങ്ങള്‍ക്ക് ജലലഭ്യത ഉറപ്പാക്കാനും ഫാമുകളില്‍ ചൂട് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും മൃഗസംരക്ഷണ വകുപ്പിനോട് നിര്‍ദ്ദേശിച്ചു.വനത്തിലെ ജലസ്രോതസ്സുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും കൃത്രിമബണ്ടുകള്‍, കുളങ്ങള്‍ എന്നിവ നിര്‍മിച്ച് വന്യമൃഗങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാനും വനം വകുപ്പിനോട് നിര്‍ദ്ദേശിച്ചു.തീപിടുത്ത വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഉറപ്പാക്കാന്‍ അഗ്‌നി ശമന സേനയോട് നിര്‍ദ്ദേശിച്ചു. പടക്ക നിര്‍മ്മാണശാലകള്‍, കടകള്‍ എന്നിവിടങ്ങളില്‍ പരിശോധന ഉറപ്പാക്കാനും അഗ്‌നിശമന സേനയ്ക്ക് നിര്‍ദ്ദേശം നല്‍കി.യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ. മണികണ്ഠന്‍, വിവിധ വകുപ്പു ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.