തൃശൂർ പൂരത്തിന് മുന്നോടിയായി നഗരത്തിൽ ക്രമസമാധാനം ഉറപ്പാക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷയ്ക്കുമായിസബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഉത്തരവ് പുറപ്പെടുവിച്ചു. പൂര ദിവസങ്ങളിലെ എല്ലാ ചടങ്ങുകളും നിശ്ചിത സമയത്തിൽ ആരംഭിച്ച് നിശ്ചിത സമയത്ത് തന്നെ അവസാനിപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ആനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് സുപ്രീം കോടതി, ഹൈക്കോടതി വിധികളും സംസ്ഥാന സർക്കാർ നിർദേശങ്ങളും കർശനമായി പാലിക്കണം. മദപ്പാടുള്ളതോ, നീരുള്ളതോ, സ്വതവേ വികൃതികളോ, വെടിക്കെട്ട് നടത്തുമ്പോൾ വിരണ്ട് ഓടുന്നതോ ആയ ആനകളെ പൂരം നടക്കുന്ന ദിവസങ്ങളിൽ നഗരത്തിനകത്ത് പ്രവേശിപ്പിക്കുന്നതിനും എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്നതിനും നിരോധനം ഏർപ്പെടുത്തി.ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ, പൊലീസ്, വനം വകുപ്പ്, വെറ്ററിനറി വിഭാഗങ്ങളുടെ മേൽനോട്ടത്തിൽ പരിശോധിക്കണം. പാപ്പാൻമാരല്ലാത്തവർ ആനകളെ നിയന്ത്രിക്കരുത്. ആനകൾക്ക് ഭീഷണി ഉണ്ടാകുന്ന വാഹനങ്ങൾ, ഡ്രോണുകൾ, ലേസർ ലൈറ്റുകൾ, വലിയ ബലൂണുകൾ തുടങ്ങിയവയും പൂരം നടക്കുന്ന ദിവസങ്ങളിൽ നിരോധിച്ചു.പൊതുജനങ്ങൾ കൂടുന്ന സ്ഥലങ്ങളിലൊന്നായ പൂരമൈതാനത്തിന് ചുറ്റുമുള്ള അപകടാവസ്ഥയുള്ള മരങ്ങളും ശിഖരങ്ങളും നീക്കം ചെയ്യണമെന്നും ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടങ്ങളിൽ ആളുകളെ പ്രവേശിപ്പിക്കാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. ആവശ്യമെങ്കിൽ മറ്റ് കെട്ടിടങ്ങളിൽ ആളുകളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനും ഉത്തരവിൽ നിർദേശമുണ്ട്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ സാമ്പിൾ വെടിക്കെട്ട് മേയ് നാലിന് വൈകിട്ട് എഴ് മുതൽ ഒമ്പത് മണിവരെയാണ് നിശ്ചയിച്ചിരിക്കുന്നത്. മുഖ്യവെടിക്കെട്ട് മേയ് ഏഴിന് പുലർച്ചെ മൂന്ന് മുതൽ ആറ് മണിവരെയും, പകൽ പൂരത്തോട് അനുബന്ധിച്ച വെടിക്കെട്ടിന് മെയ് ഏഴ് ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്ന് മണി വരെയുമാണ് സമയം നിശ്ചയിച്ചിട്ടുള്ളത്.കണിമംഗലം ഘടകപ്പൂരം രാവിലെ 7.30 ന് വടക്കുനാഥ ക്ഷേത്ര മൈതാനത്ത് പ്രവേശിക്കും. അതിനുശേഷം മറ്റുള്ള ഘടകപ്പൂരങ്ങളും എഴുന്നള്ളിപ്പുകളും യഥാക്രമം നിശ്ചിത സമയത്തിൽ മൈതാനത്തേക്ക് പ്രവേശിക്കും. മേയ് ആറ് രാത്രി മുതൽ മേയ് ഏഴ് ഉച്ചവരെയുള്ള നിശ്ചയിച്ച സമയങ്ങളിലായി വിവിധ ഘടക പൂരങ്ങൾ മടങ്ങും. പൂരം നടത്തിപ്പ് സംബന്ധിച്ച നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും, ആചാരാനുഷ്ഠാനങ്ങൾക്കൊപ്പം ജനസുരക്ഷയും മുൻനിർത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.