
ലക്കിടി: കേരള സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിലുള്ള പാലക്കാട് കള്ളിക്കുറുശ്ശി മംഗലത്തെ കുഞ്ചൻ നമ്പ്യാർ സ്മാരകം നൽകി വരുന്ന 2025 വർഷത്തെ കുഞ്ചൻ അവാർഡിന് മുണ്ടൂർ നൊച്ചിപ്പുള്ളി പള്ളിക്കരഹൗസിൽ എൻ. ശൈലജദേവി തെരഞ്ഞെടുക്കപ്പെട്ടു. തുള്ളൽ രംഗത്തെ സംഭാവനകൾ കണക്കിലെടുത്താണ് അവാർഡിന് പരിഗണിക്കപ്പെട്ടത്. പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്ക്കാരം ഈ വരുന്ന മെയ് 5 കുഞ്ചൻ ദിനാഘോഷ സമ്മേളനത്തിൽ വെച്ച് കൈമാറും. കുഞ്ചൻ സ്മാരകത്തിലെ മുൻ ആശാനായിരുന്ന കോങ്ങാട് കുമാരനാശാൻ്റെ മകളാണ് ശൈലജദേവി. മൂന്നുപതിറ്റാണ്ടിലേറെയായി ഈ കലാരംഗത്ത് ഇറങ്ങി ചെല്ലുന്ന സ്ത്രീ സാന്നിധ്യമാണ്.