നിയമസഭ : ചേലക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ സ്പെഷ്യാലിറ്റി കേഡർ തസ്തികകൾ ഘട്ടം ഘട്ടമായി അനുവദിക്കുവാൻ നടപടി സ്വീകരിക്കുമെന്ന് യു.ആർ പ്രദീപ് എം.എൽ.എയുടെ ചോദ്യത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ മറുപടി പറഞ്ഞു. നിലവിൽ ചേലക്കര താലൂക്ക് ആശുപത്രിയിൽ ജൂനിയർ കൺസൾട്ടന്റ് പീഡിയാട്രീഷൻ-1, ജൂനിയർ കൺസൾട്ടന്റ് ഗൈനക്കോളജി-2, ജൂനിയർ കൺസൾട്ടന്റ് ഓർത്തോ-1 എന്നീ സ്പെഷ്യാലിറ്റി കേഡർ തസ്തികകൾ ഉണ്ട്. രണ്ട് ലക്ഷത്തിലധികം വരുന്ന ജനവിഭാഗങ്ങളിൽ ഭൂരിഭാഗവും പട്ടികജാതിക്കാരും, പട്ടികവർഗ്ഗക്കാരും, മറ്റ് പിന്നാക്ക വിഭാഗക്കാരും, കർഷകരും ആയ പാവപ്പെട്ട ജനങ്ങളാണ് മണ്ഡലത്തിൽ ഉള്ളതെന്നും ഇവർക്ക് മെച്ചപ്പെട്ടതും സൗജന്യവുമായ ചികിത്സാ സൗകര്യം ലഭ്യമാക്കുന്നതിന് ചേലക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ സ്പെഷ്യാലിറ്റി കേഡർ തസ്തികകൾ അനുവദിക്കണം എന്നാണ് യു.ആർ പ്രദീപ് എം.എൽ.എ നിയമസഭയിൽ ചോദ്യം ഉന്നയിച്ച് ആവശ്യപ്പെട്ടത്.