പാലക്കാട് – ചിറ്റൂർ റോഡിൽ ആൽത്തറ മുതൽ എൽ പി സ്കൂൾ വരെ നിലവിലുള്ള ഡ്രയിൻ പൊളിച്ചു പണിയുന്നതിനാൽ ഡിസംബർ 21 മുതൽ 30 വരെ രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു വരെ അതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിയന്ത്രിക്കുന്നതാണെന്ന് ചിറ്റൂർ പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. പാലക്കാട് നിന്നും വരുന്ന വാഹനങ്ങൾ ആൽത്തറ മൊക്കിൽനിന്നും ഓലശ്ശേരി – പാലത്തുള്ളി വഴിയും, ചിറ്റൂരിൽ നിന്നും വരുന്ന വാഹനങ്ങൾ കൂളിമുട്ടത്തിൽ നിന്നും ഓലശ്ശേരി ആൽത്തറ വഴിയും പോകേണ്ടതാണ്.
പൂർണ്ണഗതാഗത നിയന്ത്രണം
ഒഴുവുപാറ – പന്തംപുള്ളി റോഡിൽ ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഡിസംബർ 19 മുതൽ 25 വരെ രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു വരെ അതു വഴിയുള്ള ഗതാഗതം പൂർണ്ണമായി നിയന്ത്രിക്കുന്നതാണെന്ന് ചിറ്റൂർ പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ഇതുവഴിയുള്ള വാഹന ഗതാഗതം നിറാക്കോട് – പന്തപുള്ളി വഴി പോകേണ്ടതും തിരികെ ഇതേവഴിതന്നെ ഉപയോഗിക്കേണ്ടതുമാണ്.
ഫിറ്റിങ് ട്രേഡ്സ്മാൻ ഒഴിവ്
ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആൻഡ് ഗവ. പോളിടെക്നിക് കോളേജിൽ ദിവസവേതന അടിസ്ഥാനത്തിൽ ഫിറ്റിങ് ട്രേഡ്സ്മാൻ തസ്തികയിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. പങ്കെടുക്കാൻ താൽപര്യമുള്ള നിശ്ചിത യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം ഡിസംബർ19 ന് രാവിലെ 11ന് കോളേജിൽ ഹാജരാകേണ്ടതാണ്.
റേഷൻ കാർഡ് മസ്റ്ററിങ് ഡിസംബർ 30 വരെ
എ എ വൈ/ പി എച്ച് എച്ച് കാർഡിലെ അംഗങ്ങൾക്ക് റേഷൻ കാർഡ് മസ്റ്ററിങ് ചെയ്യുന്നതിനുള്ള സമയം ഡിസംബർ 30 വരെ ദീർഘിപ്പിച്ചു. നിലവിൽ എ എ വൈ/ പി എച്ച് എച്ച് വിഭാഗങ്ങളിലായി 88.7 ശതമാനം അംഗങ്ങൾ മാത്രമാണ് മസ്റ്ററിങ് പൂർത്തിയാക്കിയിരിക്കുന്നത്. ഇതുവരെ മസ്റ്ററിങ് പൂർത്തിയാക്കാത്ത കാർഡിലെ അംഗങ്ങൾക്ക് എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചക്ക് 12 മുതൽ 4 വരെ ആലത്തൂർ മിനി സിവിൽ സ്റ്റേഷനിൽ ഉള്ള താലൂക്ക് സപ്ലൈ ഓഫീസിലും എല്ലാ റേഷൻ കടകളിലും ഐറിസ് സ്കാനർ, ഇ-പോസ് മെഷീൻ, ഫേസ് ആപ്പ് ഉപയോഗിച്ച് മസ്റ്ററിങ് നടത്തുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എ എ വൈ/ പി എച്ച് എച്ച് കാർഡിലെ മുഴുവൻ അംഗങ്ങളും മസ്റ്ററിങ് ചെയ്യണമെന്ന് സർക്കാർ നിർദ്ദേശമുള്ളതിനാൽ മസ്റ്ററിങ് ചെയ്യാത്ത അംഗങ്ങൾ ഡിസംബർ 30 നകം തന്നെ നിർബന്ധമായും മസ്റ്ററിങ് ചെയ്യേണ്ടതാണ്. റേഷൻ കാർഡ്, ആധാർ കാർഡ്, ഫേസ് ആപ് ചെയ്യുന്നതിനായി ഒ.ടി.പി ലഭിക്കുന്നതിനു ആധാറുമായി ബന്ധപ്പെടുത്തിയ നമ്പർ ഉള്ള മൊബൈൽ ഫോൺ എന്നിവ നിർബന്ധമായും കൈവശം വക്കേണ്ടതാണെന്ന് ആലത്തൂർ സപ്ലൈ ഓഫീസർ അറിയിച്ചു.
ഫീസ് കൈപ്പറ്റണം
ചിറ്റൂർ സർക്കാർ കോളേജിൽ 2019, 2020, 2021 അധ്യയന വർഷത്തിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾ പരീക്ഷ ഫീസ്, മാൻഡേറ്ററി ഫീസ് എന്നിവ കൈപറ്റിയിട്ടില്ല. 2025 ജൂൺ 18 നകം ബന്ധപ്പെട്ട രേഖകൾ സഹിതം കോളേജിൽ നേരിട്ട് വന്ന് കൈപ്പറ്റാത്ത പക്ഷം തുക സർക്കാരിലേക്ക് തിരിച്ചടക്കുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ – 8078042347.
ജില്ലക്ക് എന്റെ സ്വപ്ന പദ്ധതി: ജില്ലാ പദ്ധതിയിലേക്ക് ആശയങ്ങൾ സമർപ്പിക്കാം
പാലക്കാട് ജില്ലയുടെ വികസനം ലക്ഷ്യമിട്ട് പാലക്കാട് ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന ജില്ലാ പദ്ധതിയിലേക്ക് ആശയങ്ങൾ സമർപ്പിക്കാൻ പൊതുജനങ്ങൾക്ക് അവസരം. അടുത്ത പതിനഞ്ചു വർഷത്തേക്കുള്ള വികസന കാഴ്ച്ചപ്പാടോട് കൂടിയ ആശയങ്ങളാണ് സമർപ്പിക്കേണ്ടത്. ആശയങ്ങൾ districtplanpalakkad@gmail.com എന്ന ഇ-മെയിൽ/വാട്ട്സ്ആപ്പ് / ലാൻഡ് ലൈൻ വഴിയോ നേരിട്ടോ 2024 ഡിസംബർ 31വരെ സമർപ്പിക്കാം. ജില്ലാതല മോണിട്ടറിങ് സമിതി തിരഞ്ഞെടുക്കുന്ന ആശയങ്ങൾ ജില്ലാ പദ്ധതിയിൽ ഉൾപ്പെടുത്തും. മികച്ച മൂന്നു ആശയങ്ങൾ സമർപ്പിക്കുന്നവരെ ജില്ലാ തലത്തിൽ അനുമോദിക്കും. കൂടുതൽ വിവരങ്ങൾ പാലക്കാട് കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ പ്ലാനിങ് ഓഫീസിൽ ലഭിക്കും. ഫോൺ: 0491-2505350, വാട്ട്സ്ആപ്പ് നമ്പർ: 9495098598.
പരീക്ഷ തിയതികൾ പ്രഖ്യാപിച്ചു
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല വിവിധ കോഴ്സുകളിലേക്ക് നടത്തുന്ന പരീക്ഷകളുടെ തിയതികളും ടൈം ടേബിളും പ്രഖ്യാപിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.kuhs.ac.in സന്ദർശിക്കുക.
ബ്ലോക്ക് തല കേരളോത്സവത്തിന് തുടക്കമായി
കേരള യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന കേരളോത്സവം 2024 ബ്ലോക്ക്തല മത്സരങ്ങൾ മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ചു. കായിക മത്സരങ്ങൾ പാലക്കാട് മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. ബിജോയ് ഉദ്ഘാടനം ചെയ്തു. വിവിധ കായിക ഇനങ്ങളിലായി 85 കായികതാരങ്ങൾ പങ്കെടുത്തു. ബ്ലോക്ക്തല കലാ മത്സരങ്ങൾ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. ഡിസംബർ 19 ന് കൊടുമ്പ് പോളിടെക്നിക് കോളേജിൽ ക്രിക്കറ്റ് മത്സരങ്ങളും 20ന് അതേ വേദിയിൽ ഫുട്ബോൾ മത്സരവും നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. സദാശിവൻ അറിയിച്ചു. ഡിസംബർ 21ന് ഷട്ടിൽ ബാഡ്മിന്റൻ മത്സരങ്ങൾ കരിങ്കുറപ്പള്ളി എ കെ ജി നഗറിലുള്ള ഷട്ടിൽ കോർട്ടിൽ സംഘടിപ്പിക്കും. വോളിബോൾ, കബഡി, വടംവലി മത്സരങ്ങൾ 21 ന് കൊടുമ്പ് ഗവൺമെന്റ് പോളിടെക്നിക് കോളേജ് ഗ്രൗണ്ടിലും സംഘടിപ്പിക്കും.
ക്വട്ടേഷൻ ക്ഷണിച്ചു
2023-24 സാമ്പത്തിക വർഷം സക്ഷം അങ്കണവാടി നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി പാലക്കാട് അഡീഷണൽ ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസിൻ്റെ പരിധിയിലുള്ള രണ്ട് അങ്കണവാടികൾ നവീകരിക്കുന്നതിന്റെ ഭാഗമായി അങ്കണവാടികളിൽ വിവിധ സാധനങ്ങൾ വ്യവസ്ഥകൾ പാലിച്ച് വിതരണം നടത്തുന്നതിന് മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. പാലക്കാട് അഡീഷണൽ പ്രൊജക്ടിലെ കോങ്ങാട് പഞ്ചായത്തിലെ സെന്റർ 47 ാം നമ്പർ കക്കാട് അങ്കണവാടിക്കും, മണ്ണൂർ പഞ്ചായത്തിലെ സെന്റർ 116 ാം നമ്പർ നെല്ലിക്കാട് അങ്കണവാടിക്കുമാണ് സാധനങ്ങൾ നൽകേണ്ടത്. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബർ 30 രാവിലെ 11 വരെ. വിലാസം: ചൈൽഡ് ഡെവലപ്പ്‌മെൻ്റ് പ്രൊജക്‌ട് ഓഫീസർ, ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ്, പാലക്കാട് അഡീഷണൽ, കോങ്ങാട്, പാലക്കാട്-678681. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04912847770
ലേലം ചെയ്യും
പാലക്കാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനിയർ റോഡ്‌സ് സെക്ഷൻ നം.രണ്ട് ഓഫീസിന്റെ പരിധിയിലുള്ള താഴെ പറയുന്ന മരം/മരത്തിൻറെ ശാഖകൾ പരസ്യമായി ലേലം ചെയ്യുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യം കെട്ടിവെച്ച് ലേലത്തിൽ പങ്കെടുക്കേണ്ടതാണ്. പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ ലേല നിബന്ധനകളും ബാധകമായിരിക്കും. ലേലത്തെ സംബന്ധിച്ച വിശദവിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്ന് അന്വേഷിച്ചറിയാവുന്നതാണെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
മെഡിക്കൽ ഓഫീസർ ഒഴിവ്
ഇടുക്കി തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ (കൗമാരഭ്യത്യം) തസ്തികയിൽ 1455 രൂപ ദിവസവേതന അടിസ്ഥാനത്തിൽ ഒഴിവ്. ബി എ എം എസ് ബിരുദവും കൗമാരഭ്യത്യത്തിൽ ബിരുദാന്തരബിരുദവും കൗൺസിൽ രജിസ്ട്രേഷനും ഉള്ള ഇടുക്കി കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിലെ ഉദ്യോഗാർത്ഥികൾ എറണാകുളം പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഡിസംബർ 24 ന് മുൻപായി നേരിട്ട് ഹാജരാകേണ്ടതാണെന്ന് ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.
അസിസ്റ്റൻ്റ് നിയമനം
കേരളത്തിലെ പത്താംതരം പാസായ വിദ്യാർത്ഥികൾക്ക് തൊഴിൽ അഭിരുചിയും വിവിധ തൊഴിൽ മേഖലകളോടുള്ള ആഭിമുഖ്യവും നൈപുണികളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ സ്‌റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി പാലക്കാട് ജില്ലയിലെ 12 വിദ്യാലയങ്ങളിൽ ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്‌മെൻ്റ് സെൻ്ററുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ സ്‌കിൽ സെൻ്റർ ട്രെയിനർമാർ, സ്‌കിൽ സെൻ്റർ അസിസ്റ്റന്റുമാർ എന്നിവരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സമഗ്ര ശിക്ഷ കേരളയുടെ പാലക്കാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങളും അപേക്ഷാഫോറവും https://ssakerala.in ൽ ലഭ്യമാണ് ഫോൺ : 0491 2505995 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 23.
നൈപുണ്യ പരിശീന കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി, കേരള നോളജ് ഇക്കോണമി മിഷൻ, ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയുടെ (എ എസ് എ പി കേരളം) എന്നിവയുടെ സഹകരണത്തോടെ നൈപുണ്യ പരിശീലനം നൽകുന്നു. ഫിറ്റ്നസ് ട്രെയിനർ, ജനറൽ ഡ്യൂട്ടി അസിസ്റ്റൻ്റ്, ഓട്ടോമോട്ടീവ് സർവീസ് ടെക്നീഷ്യൻ എന്നീ നൈപുണ്യ പരിശീലന കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഗവ: അംഗീകൃത സർട്ടിഫിക്കറ്റ് നൽകുകയും പ്രമുഖ സ്ഥാപനങ്ങളിൽ പ്ലേസ്മെന്റ് സൗകര്യം ഉറപ്പാക്കുകയും ചെയ്യുന്നു. താൽപര്യമുള്ളവർക്ക് ഗൂഗിൾ ഫോറം മുഖേന അപേക്ഷിക്കാം. അവസാന തിയതി ഡിസംബർ 19 വൈകിട്ട് അഞ്ച്. ഡിസംബർ 20 നു രാവിലെ 10 ന് പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കോഴ്സുകൾ പരിചയപ്പെടുത്തുന്നതിനായി ക്ലാസ് സംഘടിപ്പിക്കും. താല്പര്യമുള്ളവർക്ക് ക്ലാസ്സിൽ പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക് ഫോൺ ഛ : 96330 52724 ഗൂഗിൾ ഫോറം ലിങ്ക് – http://tiny.cc/asappkd. പാലക്കാട് ബ്ലോക്ക് പരിധിയിലുള്ള മുണ്ടൂർ കേരളശ്ശേരി, കോങ്ങാട്, മണ്ണൂർ,മങ്കര , പറളി, പിരായിരി എന്നീ പഞ്ചായത്തുകളിൽ സ്ഥിരതാമസമുള്ളവർക്ക് മാത്രമേ അപേക്ഷിക്കുവാൻ സാധിക്കൂ.