palakkad express news

ഒറ്റപ്പാലം : രാജ്യത്തെ മുസ്ലിം ന്യൂനപക്ഷത്തെ ഒറ്റപ്പെടുത്താനും ഉന്മൂലനം ചെയ്യാനുമുള്ള കൃത്യമായ പദ്ധതികളും ആസൂത്രണങ്ങളുമാണ് സംഘപരിവാർ അണിയറയിൽ തയ്യാറാക്കി ക്കൊണ്ടിരിക്കുന്നതെന്ന് ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഷറഫ് അലി വല്ലപ്പുഴ ആരോപിച്ചു. ബാബരി മസ്ജിദ് ധ്വംസനവും തുടർന്ന് നടന്ന മുസ്‌ലിം വേട്ടയിലും ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. മതേതരവാദികൾ എന്നവകാശപ്പെടുന്നവരൊക്കെ അന്ന് മൗനം അവലംഭിച്ചതിൻ്റെ പരിണിതഫലമാണ് രാജ്യം ഹിന്ദുത്വ ഫാസിസത്തിന് കീഴ്പ്പെട്ടത്. രാജ്യത്തെ പ്രബല ന്യൂനപക്ഷത്തിൻ്റെ ഭരണഘടനാവകാശങ്ങൾ ഒന്നൊന്നായി അധികാരം ഉപയോഗിച്ച് കവർന്നെടുക്കുകയാണ്. വഖഫ് നിയമത്തെ അട്ടിമറിച്ച് വഖഫ് സ്വത്തുക്കൾ മൊത്തം കൈക്കലാക്കാനുള്ള സംഘികളുടെ കുരുട്ടു ബുദ്ധിയാണ് വഖഫ് ഭേദഗതി നിയമത്തിൻ്റെ പിന്നിൽ. ആരാധനാലയങ്ങളുടെ കാര്യത്തിൽ സ്റ്ററ്റസ്കോ പാലിക്കണമെന്ന നിയമം പാർലമെൻ്റ് പാസാക്കിയിട്ടും, അതിനൊക്കെ പുല്ലുവില കൽപ്പിക്കാതെ മുസ്ലിം ആരാധനാലയങ്ങൾക്കുമേൽ അവകാശവാദ മുന്നയിക്കുന്ന വർഗീയ വാദികളെ പ്രോൽസാഹിപ്പിക്കുന്ന ദൗർഭാഗ്യകരമായ നടപടിയാണ് നീതിപീഠങ്ങളിൽ നിന്നു പോലും ഉണ്ടാകുന്നത്. യൂ പി യിലെ ഷാഹി മസ്ജിദ് മറ്റൊരു ബാബറി മസ്ജിദാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചവർക്ക് നേരെ വെടിയുതിർത്തതിൽ അഞ്ച് നിരപരാധികളാണ് കൊല്ലപ്പെട്ടത്. യോഗി സർക്കാറിൻ്റെ ബുൾഡോസർ രാജിനെതിരെ കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി നിശിതമായ വിമർശനം നടത്തിയത്. അതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന ധിക്കാരമാണ് യൂ പി യിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ തെളിയിക്കുന്നതെന്നും അഷറഫ് അലി പറഞ്ഞു. സംസ്ഥാന വ്യാപകമായി ഐ എൻ എൽ നടത്തുന്ന വഖഫ് സംരക്ഷണ ദിനത്തിൻ്റെ ഭാഗമായി ഒറ്റപ്പാലം സേട്ട് സാഹിബ് സെൻ്ററിൽ വെച്ച് നടത്തിയ വഖഫ് സംരക്ഷണ സദസ്സ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാറിൻ്റെ ന്യൂനപക്ഷ വേട്ടക്കെതിരെ പ്രതിപക്ഷകക്ഷികൾ ഒറ്റ കെട്ടായി രംഗത്തുവരണമെന്നും, അഷറഫ് അലി ആവശ്യപ്പെട്ടു.

വഖഫ് സംരക്ഷണ സദസ്സിൽ ഐ എൻ എൽ ജില്ലാ വർക്കിങ്ങ് പ്രസിഡണ്ട് റസാക്ക് മാനു അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവർത്തക സമിതി അംഗം അസീസ് പരുത്തിപ്ര, ജില്ലാ ജനറൽ സെക്രട്ടറി ബഷീർ പിവി, മമ്മിക്കുട്ടി മാസ്റ്റർ, അബ്ദുൽ റഫീഖ്, കെ വി അമീർ, കമറുദ്ദീൻ കെ, കുഞ്ഞീരുമ്മ, റഹീം പുതുനഗരം എന്നിവർ പ്രസംഗിച്ചു

Leave a Comment

Your email address will not be published. Required fields are marked *