പാലക്കാട് ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് നടക്കുന്ന നവംബര്‍ 20 ന് പാലക്കാട് നിയോജക മണ്ഡല പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും മാത്രമാണ് പൊതു ഭരണ വകുപ്പ് അവധി പ്രഖ്യാപിച്ചിട്ടുള്ളതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നവംബർ 20ന് ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും, സർക്കാർ സ്ഥാപനങ്ങൾക്കും അവധി നൽകിക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കിയതായി 12.11.2024 ന് ചില പത്രങ്ങളിൽ വന്ന വാര്‍ത്ത ശരിയല്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
കല്‍പാത്തി രഥോത്സവം: ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി
കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് നവംബര്‍ 15ന് വൈകീട്ട് അഞ്ച് മുതല്‍ രാത്രി പത്ത് വരെ ഒലവക്കോട്- ശേഖരിപുരം- കല്‍മണ്ഡപം ബൈപാസ് റോഡില്‍ താഴെ പറയുന്ന രീതിയില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ട്രാഫിക്ക് എന്‍ഫോഴ്സ്മെന്റ് വിഭാഗം അറിയിച്ചു. വാളയാര്‍ ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കാര്‍ ഘാടി, ഗ്യാസ് ടാങ്കറുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ പാലക്കാട്- വാളയാര്‍ ടോള്‍ പ്ലാസ്സയിലോ, ഹൈവേയിലുള്ള മറ്റു പാര്‍ക്കിങ് ഉള്ള ഭാഗത്തോ നിര്‍ത്തിയിടേണ്ടതാണ്. മറ്റു വാഹനങ്ങള്‍, കെ.എസ്.ആര്‍.ടി.സി എന്നിവ മേലാമുറി – പറളി – മുണ്ടൂര്‍ വഴി പോകേണ്ടതാണ്. കോഴിക്കോട് മണ്ണാര്‍ക്കാട് ഭാഗത്തുനിന്നും വാളയാര്‍ ഭാഗത്തേക്ക് പോകുന്ന കാര്‍ ഘാടി, ഗ്യാസ് ടാങ്കര്‍ എന്നീ വലിയ വാഹനങ്ങള്‍ മുണ്ടൂര്‍ ഭാഗത്ത് നിറുത്തിയിടേണ്ടതും. മറ്റു വാഹനങ്ങള്‍ മുണ്ടൂര്‍ കൂട്ടുപാത, പറളി വഴി പാലക്കാട് പ്രവേശിച്ച് കല്‍മണ്ഡപം- ചന്ദ്രനഗര്‍ വഴി പോകേണ്ടതാണ്.