മണ്ഡലത്തിലെ സുരക്ഷിതമായ പോളിങ് ഉറപ്പ് വരുത്തുന്നതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുങ്ങി. തിരഞ്ഞെടുപ്പ് ജോലിക്കായി തൃശ്ശൂര്‍ സിറ്റി ജില്ലാ പോലീസ് മേധാവിക്ക് കീഴില്‍ കേരള പോലീസിന്റെ 600 ലധികം പൊലീസ് ഉദ്യോഗസ്ഥരെയും ഒരു കമ്പനി കേന്ദ്ര സേനയേയുമാണ് വിന്യസിക്കുന്നത്.
ജില്ലയില്‍ പ്രശ്നസാധ്യതാ ബൂത്തുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് നാല് സി.എ.പി.എഫ് ഉദ്യോഗസ്ഥരെ വിന്യസിക്കും. മറ്റു ബൂത്തുകളില്‍ രണ്ട് പോലീസുകാരെയും വിന്യസിക്കും. ഇതിന് പുറമെ ബൂത്തുകളുടെ എണ്ണം തിരിച്ച് ഗ്രൂപ്പ് പട്രോളിങ്, ക്രമസമാധാന പട്രോളിങ്, ക്വിക്ക് റിയാക്ഷന്‍ പട്രോളിങും നടത്തും.
വോട്ടെണ്ണല്‍ കേന്ദ്രമായ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചെറുതുരുത്തിയിലെ സ്ട്രോങ്ങ് റൂം സുരക്ഷയ്ക്കായി സി.എ.പി.എഫ് ഉദ്യോഗസ്ഥരെയും സ്‌കൂള്‍ പരിസരത്ത് പൊലീസിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
പോളിങ് ദിനത്തില്‍ 150 വാഹനങ്ങള്‍
പോളിങ് ദിനത്തില്‍ മാത്രം ജില്ലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 150 വാഹനങ്ങള്‍ അനുവദിച്ചു. മിനി ബസ്, ബസ്, ജീപ്പ്, മോട്ടോര്‍ ക്യാബ്, വാന്‍ ഉള്‍പ്പെടെയാണിത്. ഇതിന് പുറമെ വിവിധ സ്‌ക്വാഡുകളുടെ ആവശ്യത്തിന് 25 വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.