
പതിവിൽ നിന്ന് വ്യത്യസ്തമായി ചൊവ്വാഴ്ച പുലർച്ചെ നാലുമണിക്ക് തന്നെ പാലക്കാട് നിയമസഭാമണ്ഡലത്തിലെ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി ഡോക്ടർ പി സരിന്റെ പ്രചാരണ പരിപാടികൾ ആരംഭിച്ചിരുന്നു.പുലർച്ചെ നാലുമണിക്ക് പാലക്കാട് ഫിഷ് മാർക്കറ്റിലായി ആദ്യ പ്രചരണം.മത്സ്യത്തൊഴിലാളികളെ കണ്ടും കേട്ടും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് ആത്മവിശ്വാസം പകർന്നുമാണ് പര്യടനത്തിന്റെ ആദ്യഭാഗം അവസാനിപ്പിച്ചത്.പിന്നാലെ സിവിൽ സ്റ്റേഷനിലും കോടതിയിലുമെത്തി ഉദ്യോഗസ്ഥരെയും വക്കീലൻമാരെയും നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു.മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ കൂടിയായ ഡോക്ടർ പി സരിനെ ഏറെ ആവേശത്തോടെയാണ്ജീവനക്കാർ സ്വീകരിച്ചത്. 11 മണിയോടെ വിക്ടോറിയ കോളേജിലെത്തിയ സ്ഥാനാർത്ഥിക്ക് വർണ്ണാഭമായ സ്വീകരണം ആയിരുന്നു ക്യാമ്പസിൽ ഒരുക്കിയത്. വോട്ടഭ്യർത്ഥനകൾക്കിടയിൽ രാഷ്ട്രീയവും വ്യക്തി ജീവിതവും ഐഎഎഎസ് കാലഘട്ടവുമെല്ലാം സംബന്ധിച്ച വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് ഡോക്ടർ പി.സരിൻ മറുപടി നൽകി. ക്യാൻ്റീനിൽ കുട്ടികളുടെ ചായപ്പാട്ടിനും താളം പിടിച്ച ശേഷമാണ് മടങ്ങിയത്. പിഎംജി സ്കൂളിലും, മോയൻസിലുമെത്തി അധ്യാപകരെയും വിദ്യാർത്ഥികളെയും കണ്ട് വോട്ട് അഭ്യർത്ഥിച്ചു. ചെമ്പൈ സംഗീത കോളേജിൽ ഇമ്പമുള്ള ഈണങ്ങൾ കൊണ്ടാണ് സ്ഥാനാർത്ഥിയെ വിദ്യാർത്ഥികൾ സ്വീകരിച്ചത്. അധ്യാപകരോടുള്ള വോട്ടഭ്യർത്ഥനയ്ക്കിടയിൽ ചെമ്പൈയുടെ ചരിത്രവും വികസന സങ്കൽപ്പങ്ങളും സംസാരവിഷയമായി.വൈകുന്നേരം 4:30 ന് മാത്തൂർ പൊടി കുളങ്ങരയിൽ നിന്ന് ആരംഭിച്ച റോഡ് ഷോ ജനപങ്കാളിത്തം കൊണ്ട് തന്നെ ശ്രദ്ധേയമായി ബംഗ്ലാവ് സ്കൂൾ, ചുങ്കമന്ദവും, പല്ലഞ്ചാത്തന്നൂരും, അമ്പാടും, വീശ്വലവും, അയ്യപ്പൻ കാവും, വെട്ടിക്കാടും പിന്നിട്ട റോഡ് ഷോ ആനിക്കോട് സമാപിക്കുമ്പോഴേക്കും നേരമിരുട്ടിയിരുന്നെങ്കിലും ആളും ആരവവും അടങ്ങിയിരുന്നില്ല. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വരദരാജൻ,വത്സൻ പനോളി ജില്ലാ കമ്മിറ്റി അംഗങ്ങളായ ശാന്തകുമാരി എംഎൽഎ (കോങ്ങാട്),അനിതാനന്ദൻ , വടക്കഞ്ചേരി ഏരിയാ സെക്രട്ടറി പി കണ്ണൻ എന്നിവർ വിവിധയിടങ്ങളിൽ സ്ഥാനാർത്ഥിയെ അനുഗമിച്ചു.