പാലക്കാട് ജില്ലയില്‍ മഞ്ഞപ്പിത്തം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കരളിനെ ബാധിക്കുന്ന രോഗമായ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റീസ് എ) വളരെ പെട്ടന്ന് തന്നെ മറ്റുളളവരിലേക്ക് പകരും. ശരീരത്തില്‍ വൈറസ് പ്രവര്‍ത്തിക്കുന്നത് മൂലം കരളിലെ കോശങ്ങള്‍ നശിക്കുകയും കരളിന്റെ പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്യും. പനി, ക്ഷീണം, വിശപ്പില്ലായ്മ, വയറിളക്കം, മഞ്ഞനിറത്തിലുളള മൂത്രം, ചര്‍മ്മത്തിലും കണ്ണിലും മഞ്ഞനിറം, ഇരുണ്ടനിറത്തിലുളള മലം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗബാധിതനായ ഒരാളുടെ മലം മൂലം മലിനമായ ജലത്തിലൂടെയും, ആഹാരത്തിലൂടെയും, രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയുമാണ് ഈ രോഗം പകരുന്നത്. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ സ്വയം ചികിത്സയ്ക്ക് ശ്രമിക്കാതെ ഉടന്‍ ചികിത്സ തേടണം. സര്‍ക്കാര്‍ അംഗീകാരമില്ലാത്ത, ഒറ്റമൂലി ചികിത്സാ കേന്ദ്രങ്ങളില്‍ നിന്നും ചികിത്സ സ്വീകരിക്കരുത്. പരിശോധനയും ചികിത്സയും എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ആര്‍ വിദ്യ അറിയിച്ചു.