palakkad express news

Palakkad Express News

Watch Palakkad Express News 24/7



Leela Arcade 2nd floor Coimbatore Road Sulthanpet Palakkad 678001

പാലക്കാട് – കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ സ്ഥലമെടുപ്പ് ദ്രുതഗതിയിൽ പുരോഗമിക്കുന്നു

പാലക്കാട് – കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേയ്ക്കായുള്ള സ്ഥലമെടുപ്പിന്റെ ജില്ലയിലെ നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി ജില്ലാ കളക്ടർ അറിയിച്ചു. 61.4 കി.മീ ദൂരത്തിലായി ആകെ 276 ഹെക്ടർ ഭൂമിയാണ് ഗ്രീൻ ഫീൽഡ് ഹൈവേയ്ക്കായി പാലക്കാട് ജില്ലയിൽ ഏറ്റെടുക്കുന്നത്. ആയതിൽ ഏകദേശം 10 ഹെക്ടറോളം വനഭൂമിയും ഉൾപ്പെടുന്നു. ഏറ്റെടുക്കുന്ന സ്വകാര്യ ഭൂമിക്ക് മൂന്ന് ഘട്ടങ്ങളിലായി അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. ഹൈവേ കടന്നുപോകുന്ന ഭൂരിഭാഗം വില്ലേജുകളും റീ സർവ്വേ പൂർത്തിയാകാത്തവയായതിനാലും ആദ്യ ഘട്ടത്തിൽ മുഴുവൻ സർവ്വേ നമ്പറുകളും ഉൾപ്പെട്ട് വരാത്തതിനാലുമാണ് ഒന്നിലധികം വിജ്ഞാപനങ്ങൾ വേണ്ടി വന്നത്.

ആദ്യ ഘട്ട വിജ്ഞാപന പ്രകാരം ഭൂമി ഏറ്റെടുപ്പിനായി നാഷണൽ ഹൈവേ അതോറിട്ടി ഓഫ് ഇന്ത്യ അനുവദിച്ചത് 1743.7 കോടി രൂപയാണ്. അനുവദിച്ചതിൽ 96 ശതമാനം തുകയും (1677.85 കോടി രൂപ) വിതരണം ചെയ്ത് കഴിഞ്ഞു. ഭൂമിസംബന്ധമായ വിവിധ രേഖകൾ ഇനിയും ഹാജരാക്കുവാനുള്ളവരുടെയും യാതൊരു വിധ ക്ലെയിമും ലഭിക്കാത്തതുമായ ഭൂമികളുടെയും തുകയാണ് ഇനി വിതരണം ചെയ്യുവാൻ പ്രധാനമായും ശേഷിക്കുന്നത്. ആദ്യ ഘട്ട വിജ്ഞാപനം പ്രകാരം തന്നെ ഈ പദ്ധതിക്ക് വേണ്ടുന്ന ആകെ ഭൂമിയേറ്റെടുക്കൽ പ്രക്രിയയുടെ എൺപത് ശതമാനവും പൂർത്തിയാക്കുകയാണ്.

രണ്ടാം ഘട്ട വിജ്ഞാപന പ്രകാരം ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നൽകുന്നതിനായി വിലനിർണ്ണയ പത്രിക നാഷണൽ ഹൈവേ അതോറിറ്റിക്ക് സമർപ്പിച്ചിട്ടുണ്ട്. ആയതിൽ മണ്ണാർക്കാട് വില്ലേജിന്റെ നഷ്ടപരിഹാര വിതരണത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. ഈ വില്ലേജിൽ ഏറ്റെടുക്കലിന് മുന്നോടിയായിട്ടുള്ള 3 ഇ നോട്ടീസ് വിതരണം ഈ ആഴ്ച തന്നെ പൂർത്തിയാക്കുകയും തുടർന്ന് ഫണ്ട് വിതരണം ആരംഭിക്കുകയും

ചെയ്യും. മറ്റ് വില്ലേജുകളുടെ രണ്ടാം ഘട്ട ഫണ്ട് വിതരണാനുമതി ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മൂന്നാം ഘട്ട ഭൂമി ഏറ്റെടുക്കലിന് 22.08.2024 ന് അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇതനുസരിച്ച് വില നിർണ്ണയ പത്രിക തയ്യാറാക്കി എത്രയും വേഗം നാഷണൽ ഹൈവേ അതോറിറ്റിക്ക് സമർപ്പിക്കുന്നതാണ്.

ഇതിന് പുറമെ, നിർദ്ദിഷ്ട ഗ്രീൻ ഫീൽഡ് ഹൈവേയിലേക്കുള്ള ആഗമന നിർഗ്ഗമന പോയിന്റുകളിൽ അധിക ഭൂമി ഏറ്റെടുക്കുന്നതിനായി പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഭാഗങ്ങളിൽ നാഷണൽ ഹൈവേ അതോറിറ്റി ഉടൻ തന്നെ കല്ലുകൾ സ്ഥാപിക്കുന്നതാണെന്നും ജില്ല കളക്ടർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *