നവംബര്‍ 13,14,15 തിയതികളിലായി നടക്കുന്ന കല്‍പ്പാത്തി രഥോത്സവത്തിന്റെ സുരക്ഷിതവും സുഗമവുമായ നടത്തിപ്പ് ഉറപ്പാക്കാന്‍ ജില്ല കലക്ടര്‍ ഡോ.എസ്.ചിത്രയുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. രഥോത്സവത്തോടനുബന്ധിച്ചുളള തിരക്ക് നിയന്ത്രിക്കാന്‍ അനുയോജ്യ നടപടി സ്വീകരിക്കണമെന്ന് ജില്ല കലക്ടര്‍ യോഗത്തില്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. കല്‍പ്പാത്തി പുഴ പരിസരവും രഥോത്സവം നടക്കുന്ന സ്ഥലങ്ങളും കൃത്യമായി പരിശീലനം ലഭിച്ച ജീവനക്കാരാല്‍ ശുചീകരിക്കണമെന്ന് ജില്ല കലക്ടര്‍ മുനിപ്പാലിറ്റി അധികൃതര്‍ക്കും കുടിവെളള ലഭ്യത ഉറപ്പാക്കാന്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കി. നിരോധിത പ്ലാസ്റ്റിക്ക് ഉപയോഗം പാടില്ല. ഹരിതചട്ടം പാലിക്കണം. ഇതുമായി ബന്ധപ്പെട്ട കൃത്യമായ പരിശോധനകളും നിര്‍ദ്ദേശങ്ങളും നല്‍കണം. രഥോത്സവ വേളയില്‍ പ്രദേശത്ത് വില്‍ക്കുന്ന സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നത് തടയാന്‍ ജില്ല സപ്ലൈ ഓഫീസര്‍ കൃത്യമായ പരിശോധന നടത്തണം. മുനിപ്പാലിറ്റി ആരോഗ്യം, ജില്ല മെഡിക്കല്‍ ഓഫീസ് മുഖേന ആരോഗ്യ-ശുചിത്വം ഉറപ്പാക്കണം. ഭക്ഷ്യ സുരക്ഷയില്‍ ഭക്ഷ്യ സുരക്ഷ വകുപ്പും ശ്രദ്ധ കേന്ദ്രീകരിക്കണം. അലക്ഷ്യമായി കിടക്കുന്ന കെ.എസ്.ഇ.ബി വയറുകള്‍ നീക്കം ചെയ്യണം. അലക്ഷ്യമായി കിടക്കുന്ന കേബിളുകള്‍ നീക്കം ചെയ്യാന്‍ കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാരുടെ യോഗം വിളിക്കാന്‍ ജില്ല കലക്ടര്‍ എ.ഡി.എമ്മിന് നിര്‍ദ്ദേശം നല്‍കി.
തിരക്ക് നിയന്ത്രിക്കാന്‍ നാല് ഇടങ്ങളില്‍ പാര്‍ക്കിംഗ് -ജില്ല പോലീസ് മേധാവി
രഥോത്സവവേദിയിലെ തിരക്ക് നിയന്ത്രിക്കാന്‍ മന്ദക്കര അമ്പലത്തിന് പിന്‍വശം, റോസി സ്‌ക്കൂള്‍(ചാത്തപുരം അങ്കണവാടിക്ക് സമീപം), ഓള്‍ഡ് റോസി സ്‌ക്കൂള്‍ (യങ്ക് ഇന്ത്യ അക്കാദമി ,കല്‍പ്പാത്തി), ഹെഡ്‌പോസ്റ്റ് ഓഫീസ് പരിസരം എന്നിങ്ങനെ നാല് പാര്‍ക്കിംഗ് ഇടങ്ങള്‍ സജ്ജീകരിക്കുമെന്ന് ജില്ല പോലീസ് മേധാവി ആര്‍.ആനന്ദ് യോഗത്തില്‍ പറഞ്ഞു. കല്‍പ്പാത്തി പുഴയോരത്ത് അഗ്നിശമനസേന വിഭാഗത്തിന്റെ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. പുറമെ അഗ്നിശമന സംവിധാനവും സജ്ജമാക്കണമെന്നും സിവില്‍ ഡിഫന്‍സ് വിഭാഗത്തില്‍ നിന്ന് 100 പേരെ സജ്ജീകരിക്കേണ്ടതുണ്ടെന്നും ജില്ല പോലീസ് മേധാവി യോഗത്തില്‍ അറിയിച്ചു. രഥസംഗമദിനമായ നവംബര്‍ 15ന് ആംബുലന്‍സ് സംവിധാനം അഞ്ചിടങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കുമെന്നും ജില്ല പോലീസ് മേധാവി അറിയിച്ചു. ഇരുപതിടങ്ങളില്‍ സി.സി.ടി.വി സജ്ജമാക്കും. പുറമെ ആവശ്യമുള്ളിടത്ത് ലൈറ്റോടെയുളള സൂചനാ ബോര്‍ഡുകളും സ്ഥാപിക്കുമെന്നും ജില്ല പോലീസ് മേധാവി അറിയിച്ചു.
യോഗത്തില്‍ എ.ഡി.എം കെ.മണികണ്ഠന്‍, എ.എസ്.പി അശ്വതി ജിജി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.