
ശുചിത്വ കേരളം സുസ്ഥിര കേരളം’ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം (ഒക്ടോബര്‍ 2) രാവിലെ 10.30ന് മംഗലം ഡാം സൈറ്റ് പാര്‍ക്കില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ആലത്തൂര്‍ എംഎല്‍എ കെ.ഡി പ്രസേനന്‍ നിര്‍വഹിക്കും. ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് മംഗലം ഡാം ടൂറിസം കേന്ദ്രത്തെ ഹരിത ടൂറിസം കേന്ദ്രമാക്കി പ്രഖ്യാപിക്കും. നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ പി.സൈതലവി ക്യാമ്പയിന്‍ വിശദീകരണം നടത്തും. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, മെമ്പര്‍മാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
ജില്ലയിലെ 13 ബ്ലോക്കുകളിലും, 88 ഗ്രാമ പഞ്ചായത്തുകളിലും ഏഴ് നഗരസഭകളിലും വിവിധ വാര്‍ഡുകളിലുമായി 200 പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന് നടക്കും. കെ രാധാകൃഷ്ണന്‍ എം.പി, കെ ബാബു എംഎല്‍എ, മമ്മിക്കുട്ടി എംഎല്‍എ, പി.പി സുമോദ് ഉള്‍പ്പെടെയുളള ജനപ്രതിനിധികള്‍ വിവിധയിടങ്ങളില്‍ ഉദ്ഘാടനം നടത്തും. ഗാന്ധി ജയന്തി ദിനത്തില്‍ ആരംഭിച്ച് സീറോവേസ്റ്റ് ദിനമായ മാര്‍ച്ച് 30 ന് പൂര്‍ണ്ണമാക്കി സമ്പൂര്‍ണ്ണ മാലിന്യമുക്തമാണ് ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്. ജൈവ ദ്രവ മാലിന്യങ്ങളുടെ കൃത്യമായ രീതിയിലുള്ള സംസ്‌കരണമാണ് ആറ് മാസം നീണ്ടു നില്‍ക്കുന്ന ക്യാമ്പയിനിലൂടെ ഹരിതകേരളം മിഷന്‍ ലക്ഷ്യമിടുന്നത്. കൂടാതെ തദ്ദേശസ്ഥാപനങ്ങളിലെ ടൗണുകളെ ശുചിത്വമുള്ളതാക്കുക, പൊതുസ്ഥലങ്ങള്‍ സൗന്ദര്യവല്‍ക്കരിക്കുക, വിനോദ സഞ്ചാര കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രങ്ങളാക്കുക, ഓഫീസുകളെയും വിദ്യാലയങ്ങളും ഹരിതമാക്കുക, നീര്‍ച്ചാലുകള്‍ ശുചീകരിച്ച് വീണ്ടെടുക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ക്യാമ്പയിന്റെ ഭാഗമായി നടപ്പിലാക്കുന്നത്.