വ്യാപാര സ്ഥാപനങ്ങളില്‍ വിലവിവരപട്ടിക കൃത്യമായി പ്രദര്‍ശിപ്പിക്കാനും ഏകീകൃത വില പാലിക്കാനും ജില്ല കലക്ടര്‍ ഡോ.എസ്.ചിത്രയുടെ നിര്‍ദ്ദേശം.ഓണക്കാലത്തോടനുബദ്ധിച്ച് പൊതുവിപണിയില്‍ അനധികൃത വിലക്കയറ്റം തടയാന്‍ ജില്ല കലക്ടര്‍ എസ്.ചിത്രയുടെ അധ്യക്ഷതയില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. ഭക്ഷ്യസുരക്ഷ, സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, പോലീസ്,വകുപ്പുകളുടെ നേതൃത്വത്തില്‍ താലൂക്ക് തല സ്‌ക്വാഡുകള്‍ ജില്ലയില്‍ പരിശോധന തുടര്‍ന്നു വരികയാണ്. വെളിച്ചെണ്ണ, കടലപരിപ്പ്, തുവരപരിപ്പ്, പഞ്ചസാര, കുറുവ അരി എന്നീ ഇനങ്ങളുടെ അനധികൃവിലക്കയറ്റം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുളള ഉപസമിതി നിരീക്ഷിച്ചു വരികയാണ്. അവയുടെ അനധികൃത വിലക്കയറ്റം ജില്ലയില്‍ ഒഴിവാക്കണം, സ്ഥാപനങ്ങളില്‍ മാലിന്യസംസ്‌കരണം കൃത്യമായി നടപ്പാക്കണം. അജൈവ മാലിന്യം വേര്‍തിരിച്ച് ഹരിതകര്‍മ്മസേനയ്ക്ക് കൈമാറണമെന്നും ജില്ല കലക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലയില്‍ പൊതുവിപണിയില്‍ പ്രശ്നങ്ങള്‍ കുറവാണെന്നും ജില്ല കലക്ടര്‍ വിലയിരുത്തി. വ്യാപാരസ്ഥാപനങ്ങളുടെ ലൈസന്‍സ്, ഭക്ഷ്യസുരക്ഷ വകുപ്പ് അനുശാസിക്കുന്ന രേഖകള്‍ എന്നിവ പരിശോധനവേളയില്‍ ഹാജരാക്കാന്‍ സാധിക്കാത്തത് സ്ഥാപന ഉടമകള്‍ ഒഴിവാക്കണമെന്ന് ജില്ല സപ്ലൈ ഓഫീസര്‍ എ.എസ് ബീന യോഗത്തില്‍ പറഞ്ഞു. ജില്ലയിലെ ചെക്ക്പോസ്റ്റുകളില്‍ 24 മണികൂര്‍ പരിശോധന ആരംഭിച്ചതായും വെളിച്ചെണ്ണ,പാല്‍ എന്നിവയുടെ ഗുണനിലവാര പരിശോധനക്കായി സഞ്ചരിക്കുന്ന മൊബൈല്‍ ലാബുകള്‍ സജ്ജീകരിച്ചതായും ഭക്ഷ്യസുരക്ഷ അധികൃതര്‍ അറിയിച്ചു. യോഗത്തില്‍ പഴം-പച്ചക്കറി സംഘടന പ്രതിനിധികള്‍, വ്യാപാരി-വ്യവസായി ഏകോപന സംഘടന പ്രതിനിധികള്‍,താലൂക്ക്തല സപ്ലൈ ഓഫീസര്‍മാര്‍ മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.