palakkad express news

Palakkad Express News

Watch Palakkad Express News 24/7



Leela Arcade 2nd floor Coimbatore Road Sulthanpet Palakkad 678001

വിദേശ വിദ്യാർഥികൾ പഠനത്തിനായി കേരളത്തിലേക്ക് വരുന്നു; പുറത്തേക്ക് പോവുന്നത് നാല് ശതമാനം മാത്രം: മുഖ്യമന്ത്രി

നമ്മുടെ നാട്ടിലെ ഉന്നത വിദ്യാഭ്യാസ മേഖല അഭിവൃദ്ധിപ്പെടുത്താൻ ലക്ഷ്യമിട്ട് സർക്കാർ പ്രവർത്തനം ആരംഭിച്ചപ്പോൾ തന്നെ വിദേശത്തുനിന്ന് വിദ്യാർഥികൾ കേരളത്തിലേക്ക് വരാൻ താൽപര്യം പ്രകടിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ധർമ്മടം നിയോജക മണ്ഡലത്തിലെ പിണറായി വില്ലേജിൽ, 12.93 ഏക്കർ സ്ഥലത്ത് 285 കോടി രൂപ ചിലവിൽ സ്ഥാപിക്കുന്ന വിദ്യാഭ്യാസ സമുച്ചയമായ പിണറായി എജുക്കേഷൻ ഹബിന്റെ ശിലാസ്ഥാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിൽനിന്ന് വിദേശത്തേക്ക് പോകുന്ന കുട്ടികൾ ഇന്ത്യയിലെ ആകെ കണക്കിന്റെ കേവലം നാല് ശതമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ വർഷം 2600 ഓളം വിദേശ വിദ്യാർഥികളുടെ അപേക്ഷ കേരളത്തിലെ സ്ഥാപനങ്ങളിൽ ലഭിച്ചിട്ടുണ്ട്. കുസാറ്റിൽ 1590 വിദേശ വിദ്യാർഥികൾ നിലവിൽ പഠിക്കുന്നുണ്ട്. എംജി സർവ്വകലാശാലയിൽ 855 വിദേശ വിദ്യാർഥികളുടെ അപേക്ഷ ലഭിച്ചിട്ടുണ്ട്. ‘കേരളീയം’ പരിപാടിയുടെ ഭാഗമായി വിദേശത്തുനിന്ന് വന്ന് പഠിക്കുന്ന നിരവധി വിദ്യാർഥികൾ പങ്കെടുത്തിരുന്നു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണം നടന്നാൽ, ഈ സ്വച്ഛസുന്ദരമായ, സൈര്യമായി ജീവിക്കാൻ കഴിയുന്ന ഈ നാട്ടിലേക്ക് വരാനും പഠിക്കാനും ആരും ആഗ്രഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ വിദ്യാർഥികൾ പുറത്തേക്ക് പോയി പഠിക്കുന്നത് വല്ലാത്ത അവസ്ഥയാണെന്ന് ചിത്രീകരിക്കാൻ നാട്ടിൽ ശ്രമം നടക്കുന്നുണ്ട്. അതിൽ അങ്ങനെ ഉത്കണ്ഠപ്പെടേണ്ട സാഹചര്യമില്ല. അനാവശ്യമായ ഉത്കണ്ഠ പരത്തുന്നതിന് മാധ്യമങ്ങൾ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മൾ വല്ലാത്ത കെണിയിൽ പെട്ടുപോയി എന്ന രീതിയിൽ ആൾക്കാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കുട്ടിയുടെ ഉള്ളംകൈയിൽ ലോകത്തെക്കുറിച്ചുള്ള വിവരമുണ്ട്. എവിടെ പോകണം എന്നുള്ളത് കുട്ടിയാണ് തീരുമാനിക്കുന്നത്.
ഇന്ത്യയിൽ നിന്ന്  വിദ്യാർഥികൾ പുറത്തു പോകുന്നതിന്റെ 67% പഞ്ചാബ്, ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, കർണാടക തുടങ്ങിയ എട്ട് സംസ്ഥാനങ്ങളിൽ നിന്നാണ്. ഈ സംസ്ഥാനങ്ങളിൽ മികച്ച വിദ്യാഭ്യാസം ഇല്ലെന്ന് പറയാൻ പറ്റുമോ. കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ശേഷിച്ച 33 ശതമാനം വിദ്യാർഥികൾ മാത്രമാണ് പോകുന്നത്. രാജ്യത്തിലെ മികച്ച 100 കോളേജുകളുടെ ആദ്യത്തെ റാങ്കിനുള്ളിൽ  സംസ്ഥാനത്തെ 16 കോളേജുകൾ ഉൾപ്പെട്ടിട്ടുണ്ട്. റാങ്കിങ്ങിൽ ഉൾപ്പെട്ട 300 കോളജുകളിൽ 71 എണ്ണം കേരളത്തിൽ നിന്നുള്ളവയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബി ധനസഹായത്തോടെയാണ് പിണറായി എജുക്കേഷൻ ഹബ് പദ്ധതി നടപ്പിലാക്കുന്നത്. നാടിന്റെ വികസനത്തിന് പണം കണ്ടെത്താനാണ് കിഫ്ബി പുനരുജ്ജീവിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2016ൽ 50,000 കോടി രൂപയുടെ പദ്ധതികൾ കിഫ്ബി മുഖേന നടപ്പിലാക്കാം എന്ന് കരുതിയിടത്ത് അത് 60,000 കോടിയിൽ അധികമായി. കിഫ്ബി മുഖേന ഏറ്റെടുക്കുന്ന പദ്ധതികൾ ഇപ്പോൾ 90,000 കോടിയോട് അടുക്കുകയാണ്. കൂടുതൽ കരുത്തോടെ വളരുന്ന കേരള മാതൃകയുടെ ഉദാഹരണമാണ് കിഫ്ബിയെയന്നും മുഖ്യമന്ത്രി പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *