ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏപ്രില്‍ 15 ന് ആരംഭിച്ച പോസ്റ്റല്‍ വോട്ടിംഗിന്റെ ഭാഗമായി നടന്ന വീട്ടിലെ വോട്ടെടുപ്പില്‍ കല്‍പ്പാത്തി ചാത്തപുരം സ്വദേശിനികളായ 90 കാരി ശാരദയും 87 കാരി സി.വി അംബുജവും തിരഞ്ഞെടുപ്പ് കമ്മീഷനോടും ഇലക്ഷന്‍ വിഭാഗത്തോടും നന്ദി അറിയിച്ചു. ഇരുവരും എല്ലാവര്‍ഷവും വോട്ട് രേഖപ്പെടുത്തുന്നുണ്ട്. ശാരദ കഴിഞ്ഞ രണ്ട് വര്‍ഷമായി ശാരീരിക പ്രശ്‌നങ്ങളുള്ളതിനാല്‍ വീട്ടിലാണ് വോട്ട് രേഖപ്പെടുത്തുന്നത്. കേള്‍വി പ്രശ്്ങ്ങളുമുണ്ട്. പ്രായാധിക്യത്താല്‍ നടക്കാനും സാധ്യമല്ല. വോട്ട് അവകാശമാണെന്നും അത് എല്ലാവരും കൃത്യമായി നിര്‍വ്വഹിക്കണമെന്നും ശാരീരിക പ്രശ്‌നങ്ങളാല്‍ വീട്ടില്‍ വോട്ടെടുപ്പ് നടത്തിയ ശേഷം സി.വി അംബുജം അഭിപ്രായപ്പെട്ടു.
പോസ്റ്റല്‍ വോട്ടിംഗിന്റെ ഭാഗമായി 85 വയസ്സിന് മുകളിലുള്ളവരും അംഗപരിമിതരുമായ(40 ശതമാനത്തിലേറെ അംഗമപരിമിതി ഉളളവര്‍) അര്‍ഹരായ അപേക്ഷകരുടെ വീടുകളില്‍ ചെന്ന് പോളിങ് ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. വീട്ടില്‍ വോട്ട് ചെയ്യിക്കുന്നതിനായി പോളിങ് സംഘം എത്തുന്ന ദിവസം അതാത് ബി.എല്‍.ഒമാര്‍ അര്‍ഹരായ അപേക്ഷകരുടെ വീട്ടിലെത്തി അറിയിക്കും. പോസ്റ്റല്‍ വോട്ടിന് അംഗീകരിക്കപ്പെട്ട വോട്ടര്‍മാര്‍ക്ക് പിന്നീട് പോളിങ് ബൂത്തില്‍ എത്തി വോട്ട് ചെയ്യാനാവില്ല. ഒരുതവണ ഗൃഹ സന്ദര്‍ശനത്തില്‍ കണ്ടെത്താനാവാത്ത വോട്ടര്‍മാരുടെ വീടുകളില്‍ പോളിങ് സംഘം രണ്ടാമതും സന്ദര്‍ശനം നടത്തും. പോസ്റ്റല്‍ വോട്ടിംഗിന്റെ ഭാഗമായുളള വീട്ടിലെ വോട്ടെടുപ്പ് ജില്ലയില്‍ ഏപ്രില്‍ 24 വരെ തുടരും.