ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്‌സൈസ് വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദ്ദേശം. ലോക്‌സഭാ തെരഞ്ഞെടുപ്പ് പോലീസ് ഒബ്സര്‍വര്‍ സുരേഷ്‌കുമാര്‍ മെംഗാഡെയുടെ സാന്നിദ്ധ്യത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ എക്‌സൈസ് വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. സ്പിരിറ്റ് കടത്ത്, വ്യാജമദ്യത്തിന്റെ ഉല്‍പ്പാദനം, കടത്ത്, വില്‍പ്പന, മയക്കുമരുന്നുകളുടെ കടത്ത്, വില്‍പ്പന, ഉല്‍പ്പാദനം എന്നിവ തടയുന്നതിന് എക്‌സൈസ് വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കും. പരിശോധനയ്ക്കായി ഇരട്ടിയിലധികം എക്‌സൈസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ജില്ലയിലെ 6 ഡിസ്റ്റ്‌ലറികളെ നിരീക്ഷിക്കുന്നതിനായി സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കളക്ടട്രേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ നിന്നും ഇവ 24 മണിക്കൂറും നിരീക്ഷിക്കും. എക്‌സൈസ് വകുപ്പ് കടല്‍മാര്‍ഗ്ഗവും കരമാര്‍ഗ്ഗവും ഉപയോഗിച്ച് അനധികൃത മദ്യം, മയക്കുമരുന്ന് എന്നിവ കടത്തിക്കൊണ്ടുവരുന്നത് തടയുന്നതിനായി കോസ്റ്റല്‍ പോലീസ്, ഫിഷറീസ് എന്നീ വകുപ്പുകളുമായി ചേര്‍ന്ന് കടലില്‍ പട്രോളിങ്ങും പോലീസ് വകുപ്പുമായി ചേര്‍ന്നും അല്ലാതെയും വാഹനപരിശോധനകളും ശക്തമാക്കും.
എക്‌സൈസ് വകുപ്പ് ഇലക്ഷന്‍ വിഞ്ജാപനം പുറപ്പെടുവിച്ചതുമുതല്‍ ഇതുവരെ ജില്ലയില്‍ 1396 റെയ്ഡുകളും മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് 28 കമ്പൈന്‍ഡ് റെയ്ഡുകളും 15 കോമ്പിങ്ങ് ഓപ്പറേഷനും നടത്തി. ഈ കാലയളവില്‍ 198 അബ്കാരി കേസുകളും 69 എന്‍ഡിപിഎസ് കേസുകളില്‍ നിന്നായി 268 പ്രതികളെ അറസ്റ്റ് ചെയ്തു. 540 കോഡ്പ കേസുകളില്‍ നിന്നായി 1,08,000 രൂപ ഫൈന്‍ ഈടാക്കി. 432.8 കിലോഗ്രാം പുകയില ഉത്പന്നങ്ങളും കണ്ടെടുത്തു. അബ്കാരി കേസുകളില്‍ നിന്നായി 484.4 ലിറ്റര്‍ ഐഎംഎഫ്എല്‍, 88 ലിറ്റര്‍ ചാരായവും, 36 ലിറ്റര്‍ അരിഷ്ടവും, 1140 ലിറ്റര്‍ കളളും, 732 ലിറ്റര്‍ വാഷും, 20.4 ലിറ്റര്‍ ബിയറും 5.5 ലിറ്റര്‍ അനധികൃത മദ്യവും, 15,170 രൂപ തൊണ്ടിമണിയും, എന്‍ഡിപിഎസ് കേസുകളില്‍ നിന്നായി 13.816 കിലോഗ്രാം കഞ്ചാവും 8 കഞ്ചാവ് ചെടികളും 3.61 ഗ്രാം ഹാഷിഷ് ഓയിലും, 2.465 ഗ്രാം മെത്താംഫിറ്റമിനും 9 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഈ കാലയളവില്‍ 7865 വാഹന പരിശോധനകളും നടത്തി. 1122 കളള് ഷാപ്പുകളിലും 6 ലൈസന്‍സ്ഡ് സ്ഥാപനങ്ങളിലുമായി പരിശോധനകള്‍ നടത്തിയതായി യോഗത്തില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എസ്. ഷാനവാസ് വിശദീകരിച്ചു. ലോകസഭാ പൊതുതിരഞ്ഞെടുപ്പിന്റെ മുന്നോടിയായി അയ്യന്തോളിലുള്ള എക്സൈസ് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറുടെ കാര്യാലയത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ കണ്‍ട്രോള്‍ റൂമും, താലൂക്ക് തലത്തില്‍ എല്ലാ എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളിലും പെരുമാറ്റച്ചട്ടം അവസാനിക്കുന്നതുവരെ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു പ്രവര്‍ത്തിക്കും.
തൃശൂര്‍ പൂരത്തോടനുബന്ധിച്ച് ഏപ്രില്‍ 19 ന് പുലര്‍ച്ചെ രണ്ടുമണി മുതല്‍ 20 ന് ഉച്ചയ്ക്ക് രണ്ടുവരെ (36 മണിക്കൂര്‍) തൃശൂര്‍ താലൂക്ക് പരിധിയില്‍ ഉള്‍പ്പെട്ട എല്ലാ മദ്യവില്‍പനശാലകളും കള്ള് ഷാപ്പ്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, ബാര്‍ എന്നിവ പൂര്‍ണമായും അടച്ചിടുന്നതിനും മദ്യം മറ്റു ലഹരി വസ്തുക്കളുടെ വില്‍പനയും നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. വ്യാജമദ്യ നിര്‍മാണത്തിനും വിതരണത്തിനും വില്‍പനയ്ക്കും ഇടയാക്കുമെന്ന സാധ്യത കണക്കിലെടുത്ത് ഇത് കര്‍ശനമായി തടയുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാനും എക്സൈസ് വകുപ്പ് അധികൃതര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
യോഗത്തില്‍ സബ് കളക്ടര്‍ മുഹമ്മദ് ഷെഫീഖ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എസ്. ഷാനവാസ്, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വിമുക്തി പവലിയന്‍ ആരംഭിച്ചു
തൃശൂര്‍ പൂരം എക്സിബിഷനില്‍ എക്‌സൈസ് ലഹരി വര്‍ജ്ജന മിഷനായ വിമുക്തി പവലിയന്‍ ആരംഭിച്ചു. പവലിയന്റെ ഉത്ഘാടനം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ എസ്. ഷാനവാസ് നിര്‍വഹിച്ചു. അസി. എക്‌സൈസ് കമ്മീഷണറും വിമുക്തി മാനേജരും കൂടിയായ പി.കെ സതീഷ് പദ്ധതി വിശദീകരണം നടത്തി. തൃശൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. സുരേഷ്, എക്സൈസ് സ്റ്റേറ്റ് അസോസിയേഷന്‍ ഭാരവാഹിയായ എം.ബി വത്സരാജ്, ജില്ലാ സെക്രട്ടറി കെ.എന്‍ ജയേഷ് തുടങ്ങിയവര്‍ സംസാരിച്ചു. മാതൃക തയ്യാറാക്കി പവലിയന്‍ സജ്ജീകരിച്ചത് എക്സൈസ് പ്രേവന്റിവ് ഓഫീസര്‍ ടി.ജി മോഹനനാണ്.
ലഹരി മാഫിയയുടെ കെണിയില്‍ പെടുന്നതും ഉപയോഗം കൊണ്ട് രോഗിയാവുന്നതും തുടര്‍ന്ന് ആജീവനാന്ത കാരാഗൃഹത്തിലോ, അതല്ലെങ്കില്‍ അകാല മൃത്യുവിലോ എത്തുന്നതും പാവലിയന്റെ ഒരു ഭാഗത്ത് ചിത്രീകരിച്ചിട്ടുണ്ട്. ലഹരി ഉപയോഗത്തില്‍പ്പെട്ടവര്‍ക്ക് കൗണ്‍സിലിംഗ്, മറ്റു ഡി അഡിക്ഷന്‍ ചികിത്സാ മാര്‍ഗ്ഗങ്ങളെക്കുറിച്ചും തുടര്‍ന്ന് ജീവിതമാകുന്ന ലഹരിയിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട സാമഗ്രികളാണ് പവിലിയന്റെ മറ്റൊരു ഭാഗം. കൂടാതെ വിമുക്തി പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഹെല്‍പ് ലൈന്‍ നമ്പറുകളെക്കുറിച്ചും പവലിയനില്‍ വിശദീകരിക്കുന്നുണ്ട്. കായികമാണ് ലഹരി, അറിവാണ് ലഹരി എന്നീ സന്ദേശങ്ങളെ ഉള്‍പ്പെടുത്തി വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.