മണ്ണാർക്കാട് ∙ അലനല്ലൂരിൽ വസ്ത്രവ്യാപാര സ്ഥാപനത്തിൽ വൻ തീ പിടിത്തം. കടയിലെ മുഴുവൻ സാധനങ്ങളും അഗ്നിക്കിരയായി, നാലു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.ആളപായമില്ല.ചന്തപ്പടിയിലെ വൈറസ് ലേഡീസ് ആൻഡ് കിഡ്സ് വെയറിലാണു തീപിടിത്തമുണ്ടായത്. ഇന്നലെ രാവിലെ 8.45ന് കടയിൽ നിന്നു തീയും പുകയും ഉയരുന്നതു കണ്ടു നാട്ടുകാർ അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. മണ്ണാർക്കാട്ടു നിന്നും പെരിന്തൽമണ്ണയിൽ നിന്നുമായി 4 ഫയർ യൂണിറ്റുകൾ എത്തി തീ അണയ്ക്കാൻ ആരംഭിച്ചു. നാട്ടുകാരും, വ്യാപാരികളും ഒപ്പം ചേർന്നു. ഇരു നിലകളിലായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ മുഴുവൻ ഭാഗങ്ങളിലേക്കും തീ ആളിപ്പടർന്നിരുന്നു.15 തവണ ഫയർഫോഴ്സിനു വെള്ളമെത്തിക്കേണ്ടി വന്നു. തൊട്ടടുത്ത സ്ഥാപനങ്ങളിലേക്കു തീ പടരാതെ നിയന്ത്രിക്കാനായത് ആശ്വാസമായി.