
തലപ്പിള്ളി താലൂക്കില്‍ അകമലക്ക് സമീപം മണ്ണിടിച്ചില്‍ ഭീഷണിയുണ്ടായ മാരത്ത്കുന്നില്‍ നിന്ന് മാറ്റി പാര്‍പ്പിച്ച രണ്ട് കുടുംബങ്ങള്‍ക്ക് ഇനി സ്വന്തമായി ഭൂമി. എങ്കക്കാട് വില്ലേജിലെ തെക്കേപ്പുറത്ത് വീട്ടില്‍ കോമളം, സതീഷ് എന്നിവര്‍ക്ക് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഭൂമിയുടെ ആധാരവും പോക്കുവരവ് നടത്തി നികുതി അടച്ച രേഖകളും ഇന്ന് (മാര്‍ച്ച് 11) കൈമാറി. എങ്കക്കാട് വില്ലേജില്‍ നാലേകാൽ സെന്റ് വീതമുള്ള ഭൂമിയുടെ രേഖകളാണ് കൈമാറിയത്. 2024 ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ശക്തമായ മഴയെ തുടര്‍ന്ന് അകമല, മാരാത്തുകുന്ന് പ്രദേശത്ത് ജില്ലാ കളക്ടര്‍ സന്ദര്‍ശിക്കുകയും ദുരന്ത നിവാരണ അതോറിറ്റിയിലേയും, ജിയോളജി, മണ്ണ് സംരക്ഷണം, ഭൂജലം എന്നീ വകുപ്പുകളിലെയും വിദഗ്ധര്‍ പരിശോധന നടത്തുകയും ചെയ്തു.സംസ്ഥാന ദുരന്തനിവാരണ അതോററ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപകട മേഖലയിലുള്ള രണ്ട് കുടുംബങ്ങള്‍ ഒഴികെ ബാക്കിയുള്ളവര്‍ക്ക് അവിടെ താമസം തുടരാമെന്ന് അറിയിച്ചിരുന്നു. ശക്തമായ മഴയുള്ളപ്പോള്‍ ജാഗ്രത വേണമെന്നും, ആവശ്യമെങ്കില്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറണമെന്നും നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് അപകട മേഖലയിലുള്ള രണ്ട് കുടുംബങ്ങള പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം ആരംഭിച്ചു. ഇവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിക്കുകയും, പ്രതിമാസ വാടക ചിലവുകള്‍ വഹിക്കാന്‍ വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയെ ജില്ലാ ദുരന്ത നിവാരണ അതോറ്റിറ്റി ചുമതലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഈ കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമി വാങ്ങുന്നതിന് ആറ് ലക്ഷം രൂപയും വീട് പണിയുന്നതിന് നാല് ലക്ഷം രൂപയും അനുവദിച്ച് ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. വീടുപണിയുന്നതിനുള്ള നാലു ലക്ഷം രൂപയില്‍ രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ബാക്കി സംസ്ഥാന ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് ലഭ്യമാക്കുക. ത്വരിത ഗതിയില്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാണ് ഭൂമിയുടെ രേഖകള്‍ കൈമാറിയത്. ചടങ്ങില്‍ സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍, ഡപ്യൂട്ടി കളക്ടര്‍ (ഡി. എം) സി. എസ്. സ്മിതാ റാണി, തലപ്പിള്ളി തഹസില്‍ദാര്‍ എം.ആര്‍ രാജേഷ്, എങ്കക്കാട് വില്ലേജ് ഓഫീസര്‍ കെ. ബി. രാജീവ് മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.നാശനഷ്ടം സംഭവിച്ച വീടുകള്‍ക്കുള്ള ധനസഹായം: ജില്ലയില്‍ ഇതുവരെ 14,44,64,500 രൂപ അനുവദിച്ചുജില്ലയില്‍ 2024 ലെ പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച വീടുകള്‍ക്കുള്ള ധനസഹായം നല്‍കുന്നതിനായി ഇതുവരെ 14,44,64,500 രൂപയാണ് അനുവദിച്ചത്. ഇതില്‍ വീടു തകര്‍ന്നവര്‍ക്കായുള്ള സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ ( എസ്. ഡി.ആര്‍.എഫ്) 81 ശതമാനം വിഹിതമായ 8, 55, 09,500 രൂപയുടെ ധനസഹായം വിതരണം ചെയ്തു. ബാക്കി തുക ഒരാഴ്ചയ്ക്കകം വിതരണം ചെയ്യും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള തുക സർക്കാരിൽ നിന്ന് ഈ മാസം ലഭിക്കും. അതിൻ്റെ വിതരണവും ഏപ്രില്‍ 15 നകം പൂര്‍ത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്.2024 ജൂലൈ 29, 30, 31 ആഗസ്റ്റ് 1 തിയതികളില്‍ ജില്ലയില്‍ പെയ്ത അതിശക്തമായ മഴയില്‍ രണ്ട് ദിവസം ക്യാമ്പുകളില്‍ താമസിക്കേണ്ടി വന്നവര്‍ക്കും ബന്ധുവീടുകളിലേക്ക് മാറേണ്ടി വന്നവര്‍ക്കും അടിയന്തര ധനസഹായമായി അക്കൗണ്ടിലേക്ക് അയ്യായിരം രൂപ വീതം നല്‍കി. അതിന്റെ ഭാഗമായി ജില്ലയില്‍ 11,791 അപേക്ഷകളിലായി അഞ്ച് കോടി എണ്‍പത്തിയൊമ്പത് ലക്ഷത്തി അമ്പത്തയ്യായിരം രൂപ എല്ലാവരുടെയും അക്കൗണ്ടുകളിലേക്ക് ലഭ്യമാക്കി. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കൂടുതല്‍ ഫണ്ട് ചിലവഴിച്ച ജില്ലകളിൽ ഒന്ന് തൃശ്ശൂരാണ്. പ്രകൃതി ദുരന്തത്തിൽ നാശനഷ്ടം വന്ന വീടുകൾക്കുള്ള ജനുവരിയിൽ നിലവിൽ വന്ന ധനസഹായ സ്ലാബുകൾ പ്രകാരം നഷ്ട പരിഹാരം വിതരണം ചെയ്ത ആദ്യത്തെ ജില്ലയും തൃശ്ശൂരാണ്.