palakkad express news

Palakkad Express News

Watch Palakkad Express News 24/7



Leela Arcade 2nd floor Coimbatore Road Sulthanpet Palakkad 678001

കഴകക്കാരൻ കൂടൽമാണിക്യം ക്ഷേത്രത്തിൽ ജോലി ചെയ്യണം : മന്ത്രി വി എൻ വാസവൻ

കൂടൽമാണിക്യം ക്ഷേത്രത്തിൽ ദേവസ്വം നിയമങ്ങൾ അനുസരിച്ച് സർക്കാർ നിയമിച്ച കഴകക്കാരൻ ആ തസ്തികയിൽ ക്ഷേത്രത്തിൽ തന്നെ ജോലി ചെയ്യണം എന്നുള്ളതാണ് സർക്കാർ നിലപാടെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ നിയമസഭയെ അറിയിച്ചു. ഡിമാന്റ് ഡിസ്‌കഷന് മറുപടി പറയവെയാണ് ഈ വിഷയത്തിലെ സർക്കാരിന്റെ നിലപാട് മന്ത്രി വ്യക്തമാക്കിയത്. നവോത്ഥാന നായകർ ഉഴുതുമറിച്ച കേരളത്തിന്റെ മണ്ണിൽ ജാതിയുടെ പേരിൽ ഒരാളെ ജോലിയിൽ നിന്നും മാറ്റി നിർത്തുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനകരമായ സംഭവമാണെന്ന് മന്ത്രി പറഞ്ഞു.തന്ത്രിമാരുടെ വിയോജിപ്പിനെ തുടർന്ന് അദ്ദേഹത്തെ ക്ഷേത്രത്തിൽ നിന്ന് ഒഴിവാക്കിയത് അംഗീകരിക്കാൻ സാധിക്കുന്ന ഒന്നല്ല. കൂടൽ മാണിക്യം ആക്ടും, റഗുലേഷനും പ്രകാരം ക്ഷേത്രത്തിലെ കഴകം ജോലികൾ നിർവ്വഹിക്കുന്നത് സംബന്ധിച്ച് വ്യക്തമായ നിർദ്ദേശങ്ങളും, ഉത്തരവുകളും കാലാകാലങ്ങളിൽ നൽകിവരുന്നുണ്ട്. പ്രസ്തുത നിർദ്ദേശങ്ങളിൽ കഴകം തസ്തികയിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് 2003-ൽ പുറപ്പെടുവിച്ച റഗുലേഷനിലെ നാലാം ഖണ്ഡിക പ്രകാരം 2 കഴകം പോസ്റ്റുകൾ ആണ് നിലവിലുള്ളത്.പ്രസ്തുത പോസ്റ്റിലേക്കുള്ള നിയമനം എങ്ങനെയായിരിക്കണമെന്ന് റഗുലേഷന്റെ 4-ാം ഖണ്ഡിക പ്രകാരം നിഷ്‌കർഷിച്ചിട്ടുണ്ട്. അതനുസരിച്ച് 1025 + ഡി എ ശമ്പള സ്‌കെയിൽ ഉള്ള കഴകം തസ്തികയിലേക്ക് പാരമ്പര്യമായി തന്ത്രി നിർദ്ദേശിക്കുന്ന വ്യക്തിയേയും, 1300 – 1880 ശമ്പള സ്‌കെയിലുള്ള കഴകത്തെ നേരിട്ടുള്ള നിയമനം വഴി കേരള ദേവസ്വം റിക്രൂട്ടമെന്റ് ബോർഡ് മുഖേന നിയമിക്കാമെന്നുമാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇതിൽ രണ്ടാമത്തെ കഴകം പോസ്റ്റിലേക്ക് 24.02.2025 തീയതിയിൽ റിക്രൂട്ട്‌മെന്റ് ബോർഡ് വഴി നിയമിതനായ ബാലു. എന്ന വ്യക്തി കഴകം ജോലി ചെയ്യുന്നതിലാണ് തന്ത്രിമാർ വിയോജിപ്പ് രേഖപ്പെടുത്തിയത്. അത്തരം ഒരു തീരുമാനം ഉണ്ടായത് നിർഭാഗ്യകരമായ ഒന്നായിപ്പോയി. അബ്രാഹ്മണരെ പൂജാരിമാരാക്കിയ നാടാണിത്. അതിനാൽ കഴകം പോസ്റ്റിൽ നിയമിതനായ വ്യക്തി അവിടെ നിഷ്‌കർഷിച്ച ജോലി ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. വൈക്കം സത്യാഗ്രഹ സമരഭൂമിയിൽ ഗാന്ധിജി സന്ദർശനം നടത്തിയതിന്റെ ശതാബ്ദ്ദി ആഘോഷം നടത്തുന്ന സമയത്താണ് ഈ ദൗർഭാഗ്യകരമായ സംഭവമുണ്ടായത് എന്നതും ഓർക്കേണ്ടതാണ്. പുരോഗമനപരമായ നിലപാടാണ് കേരളസമൂഹം സ്വീകരിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *