പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2025 -26 വര്‍ഷത്തെയും ഭരണസമിതിയുടെ അഞ്ചാമത്തെയും ബജറ്റ് അവതരിപ്പിച്ചു. പദ്ധതി വിഹിതം, സംസ്ഥാന ഗവണ്‍മെന്റിന്റെ ഗ്രാന്റ്, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള ഗ്രാന്‍ഡ്്, മറ്റു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്ന വിഹിതം തുടങ്ങിയവ ഉള്‍കൊള്ളിച്ചു കൊണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിനുള്ള ബജറ്റ് ആണ് അവതരിപ്പിക്കപ്പെട്ടതെന്നും പ്രാരംഭ ബാക്കി ഉള്‍പ്പെടെ 19,98,32,969 രൂപ വരവും 19,64,57,405 രൂപ ചെലവും 33,75,564 രൂപ മിച്ചവും ബഡ്ജറ്റില്‍ പ്രതീക്ഷിക്കുന്നെന്നും ഭരണ സമിതി അവകാശപ്പെട്ടു. പാലക്കാട് ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളെയും മേഖലകളെയും വികസനവുമായി ബന്ധപ്പെടുത്താന്‍ ബജറ്റില്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്. സ്ത്രീകള്‍ കുട്ടികള്‍, വയോജനങ്ങള്‍,ഭിന്നശേഷിക്കാര്‍ എന്നിവരുടെ ഉന്നമനത്തിനായി 54,34,540 രൂപയും കാര്‍ഷിക മേഖലയിലെ സമഗ്ര വികസനത്തിനായി 1,20,96,800 രൂപയും ഭവന നിര്‍മ്മാണ മേഖലയില്‍ 2,31,96,800 രൂപയും അടിസ്ഥാന പശ്ചാത്തല മേഖലകള്‍ക്കായി 2,74,2000 രൂപയും ബഡ്ജറ്റില്‍ വകയിരുത്തി.പ്രസിഡന്റ് വി. സേതുമാധവന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഒ. ബി പ്രിയ ബജറ്റ് അവതരണം നടത്തി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാര്‍ മുണ്ടൂര്‍, കേരളശ്ശേരി തുടങ്ങിയ പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി ഫെലിക്സ് ഗ്രിഗോറി മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.