കൊടുവായൂര്‍ ഗ്രാമ പഞ്ചായത്തില്‍ നടന്ന മെന്‍സ്ട്രുവല്‍ കപ്പ് വിതരണം ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രേമ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. സാമ്പത്തികമായും ആരോഗ്യപരമായും സ്ത്രീകള്‍ക്ക് വളരേയേറെ ഉപകാരപ്പെടുന്ന ഒന്നാണ് മെന്‍സ്ട്രുവല്‍ കപ്പെന്നും ആര്‍ത്തവ ശുചിത്വത്തെക്കുറിച്ചും,സാനിറ്ററി പാഡുകള്‍ ഉയര്‍ത്തുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചും വളരെ ഗൗരവത്തോടെ കാണണമെന്നും പ്രസിഡന്റ് പറഞ്ഞു. മൂന്ന് ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപയുടെ പ്രോജക്റ്റിൽ ഒരു ലക്ഷം രൂപ എസ് ഇ വിഭാഗക്കാർക്കും, രണ്ടു ലക്ഷത്തി ഇരുപത്തി അയ്യായിരം ജനറൽ വിഭാഗക്കാർക്കും വകയിരുത്തി കുടുംബശ്രീ അംഗങ്ങളായ 1063 പേർക്കാണ് മെൻസ്ട്രുവൽകപ്പ് വിതരണം ചെയ്തത്. വൈസ് പ്രസിഡന്റ് മനോജിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു, സ്റ്റാന്‍ഡിങ് കമ്മിറ്റി ക്ഷേമകാര്യ ചെയര്‍മാന്‍ ശബരീശന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ മുരളീധരന്‍, സുനില്‍, അബ്ബാസ്, ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ദേവയാനി, ഹിന്ദുസ്ഥാന്‍ ലേറ്റസ്റ്റ് ലിമിറ്റഡ് പ്രോജക്ട് അസോസിയേറ്റര്‍ ഡോ. ജുഹൈന, സി.എച്ച്.സി സൂപ്രണ്ട് ഡോ..സുരേഷ്, സി.എച്ച്.സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.രവിന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശ്രീലത, എല്‍.എച്ച്.ഐ ( ഐ.സി ) പ്രേമലത എന്നിവര്‍ പങ്കെടുത്തു.