വടക്കാഞ്ചേരി, ശ്രീ രുധിരമഹാകാളിക്കാവ് ക്ഷേത്രത്തിലെ പൂരാഘോഷത്തോടനുബന്ധിച്ച് പറപ്പുറപ്പാട് ചടങ്ങിന്റെ ഭാഗമായി 2025 ഫെബ്രുവരി 18 ന് തലപ്പിള്ളി താലൂക്ക് എങ്കക്കാട് വില്ലേജ് റീസര്‍വ്വെ 45/8, 57/1-1, 58/1-2, 58/3-3 എന്നിവയില്‍ ഉള്‍പ്പെട്ട സ്ഥലത്ത് പരിമിതമായ തോതില്‍ വെടിക്കെട്ട് നടത്തുന്നതിനായി കേരള ഹൈക്കോടതിയുടെ 2025 ഫെബ്രുവരി 13 ലെ ഡബ്ല്യു പി (സി) 5903/2025 പ്രകാരമുള്ള ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അനുമതി നല്‍കിക്കൊണ്ട് എ.ഡി.എം ടി. മുരളി ഉത്തരവിറക്കി.പൂരാഘോഷത്തോടനുബന്ധിച്ച് ഫെബ്രുവരി 23 ലെ ഏങ്കക്കാവ് ദേശം വെടിക്കെട്ടിനും ഫെബ്രുവരി 25 ലെ കുമരനെല്ലൂര്‍ ദേശം വെടിക്കെട്ടിനും ഫെബ്രുവരി 26 ലെ വടക്കാഞ്ചേരി ദേശം വെടിക്കെട്ട് പൊതുപ്രദര്‍ശനത്തിനും അനുമതിക്കായി ക്ഷേത്ര ഭാരവാഹികള്‍ സമര്‍പ്പിച്ച അപേക്ഷ പോലീസ്, ഫയര്‍, റവന്യു വകുപ്പുകളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഡീണല്‍ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളി നിരസിച്ചുകൊണ്ടും ഉത്തരവിറക്കി. സ്പോടകവസ്തു ചട്ടങ്ങളിലെ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാലാണ് അപേക്ഷ നിരസിച്ചത്. തൃശ്ശൂര്‍, എറണാകുളം കാസര്‍ഗോഡ് ജില്ലകളിലുണ്ടായ വെടിക്കെട്ടപകടങ്ങളുടെ പശ്ചാതലത്തില്‍ ചട്ടവും നിയമവും അനുശാസിക്കുന്ന രേഖകളുടെ അഭാവത്തില്‍ വെടിക്കെട്ട് പൊതുപ്രദര്‍ശനത്തിന് ലൈസന്‍സ് അനുവദിക്കുന്നത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും ഉത്തരവില്‍ പറയുന്നു.ഫെബ്രുവരി 18 ന് രാത്രി 7 മുതല്‍ 10 വരെയുള്ള സമയത്ത് ഒരുലക്ഷം എണ്ണം ഓലപ്പടക്കങ്ങള്‍, 500 ചൈനീസ് ക്രാക്കേഴ്‌സ്, 500 മത്താപ്പ്, 5000 മഴത്തോരണം, 500 പൂത്തിരി എന്നിവ ഉപയോഗിച്ച് വെടിക്കെട്ട് പൊതുപ്രദര്‍ശനം നടത്തുന്നതിനാണ് അനുമതി നല്‍കിയത്. നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ അനുമതിയില്ലാത്ത വെടിക്കെട്ട് സാമഗ്രികള്‍ ഉപയോഗിച്ചാല്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. കോടതി വിധിയില്‍ നിര്‍ദ്ദേശിച്ചതുപ്രകാരം പോര്‍ട്ടബിള്‍ മാഗസിന്‍ സജ്ജീകരിക്കണം.*മാഗസിന് 45 മീറ്റര്‍ അകലത്തില്‍ ബാരിക്കേഡ് കെട്ടി സുരക്ഷിതമാക്കണം.*സാങ്കേതിക പരിജ്ഞാനമുളളവരെ മാത്രം വെടിക്കെട്ട് പ്രദര്‍ശന പ്രവര്‍ത്തികള്‍ക്ക് നിയോഗിക്കണം, ഇവര്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കണം. ഇവരുടെ പേരുവിവരങ്ങള്‍ ബന്ധപ്പെട്ട പോലീസ്/ റവന്യൂ അധികാരികള്‍ക്കു നല്‍കേണ്ടതാണ്.*ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍ എന്നിവ ഉപയോഗിക്കരുത്.*സുരക്ഷാക്രമീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്, പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പുകളുടെ അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങളും നടത്തിപ്പുകാരും ആഘോഷകമ്മിറ്റിക്കാരും പാലിക്കണം. അല്ലാത്തപക്ഷം സംഭവിക്കുന്ന നഷ്ടങ്ങള്‍ക്ക് അപേക്ഷകന്‍, വെടിക്കെട്ട് ലൈസന്‍സി എന്നിവര്‍ പൂര്‍ണ്ണ ഉത്തരവാദികള്‍ ആയിരിക്കും.*100 മീറ്റര്‍ അകലത്തില്‍ ബാരിക്കേഡ് നിര്‍മ്മിച്ച് കാണികളെ കര്‍ശനമായി മാറ്റി നിര്‍ത്തേണ്ടതും, പൊതുജനങ്ങള്‍ക്കു മുന്നിറിയിപ്പ് നല്‍കുന്നതിന് ഉച്ചഭാഷിണി സൗകര്യവും ഏര്‍പ്പെടുത്തണം.*സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വീസസ് ആവശ്യപ്പെടുന്ന രീതിയില്‍ വാഹനങ്ങള്‍ ഏര്‍പ്പെടുത്തണം.*ആംബുലന്‍സ് സൗകര്യം ഒരുക്കണം, അത്യാഹിത ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനുള്ള നടപടികളും സ്വീകരിക്കണം.*വെടിക്കെട്ട് പൊതുപ്രദര്‍ശന സമയത്ത് റെയില്‍വേ ട്രാക്കില്‍ പൊതുജനങ്ങള്‍ പ്രവേശിക്കുന്നത് തടയുന്നതിന് നടപടി സ്വീകരിക്കണം.*വെടിക്കെട്ട് പ്രദര്‍ശനം വീഡിയോഗ്രാഫി ചെയ്ത് സൂക്ഷിക്കണം.*വെടിക്കെട്ട് മാഗസിന് ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തണം.*വെടിക്കെട്ടിന് ശേഷം പൊട്ടിതീരാത്ത പടക്കങ്ങള്‍ അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കണം.