ലക്കിടി : ഗ്രാമീണ സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ഖാദി നെയ്ത്ത് കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. പ്രവര്‍ത്തനോദ്ഘാടനം കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ നിര്‍വ്വഹിച്ചു. ഖാദി വസ്ത്രം ധരിക്കുന്നത് ദേശീയ ബോധത്തിന്റെ ഭാഗമായി മാറണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഖാദി തൊഴിലാളികള്‍ക്ക് മിനിമം കൂലി പ്രഖ്യാപിച്ച ഏക സംസ്ഥാനം കേരളമാന്നെന്നും ഖാദി മേഖലയ്ക്ക് പൂര്‍ണ്ണ പിന്തുണയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും പറഞ്ഞു. ലെക്കിടി പേരൂര്‍ ഗ്രാമ പഞ്ചായത്തിലെ പൂക്കാട്ട്കുന്ന് പ്രദേശത്താണ് ഖാദി നെയ്ത്ത് കേന്ദ്രം ഒരുക്കിയിട്ടുള്ളത്.ബ്ലോക്ക് പഞ്ചായത്തിന്റെ വികസന ഫണ്ടില്‍ നിന്നും മൂന്ന് ഘട്ടമായി 30 ലക്ഷം രൂപ വിനിയോഗിച്ചാണ് നെയ്ത്ത് കേന്ദ്രത്തിനുള്ള കെട്ടിടം നിര്‍മ്മിച്ചത്. കേരള സംസ്ഥാന ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ സഹകരണത്തോടു കൂടി വനിതകള്‍ക്ക് നെയ്ത്തു പരിശീലനം നല്‍കി തൊഴില്‍ കൊടുക്കുന്നതിനുള്ള യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ ക്രമീകരിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ എട്ട് പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ പദ്ധതി പ്രകാരം കഴിയും. അതിന്റെ പ്രാരംഭ ഘട്ടമെന്നോണം ആറ് മാസം തൊഴില്‍ പരിശീലനവും നല്‍കും. പരിശീലനത്തോടൊപ്പം മാസം ആയിരം രൂപ സ്റ്റൈഫന്റും ലഭിക്കും.പരിശീലനം പൂര്‍ത്തിയാക്കിയാല്‍ ഇവരുടെ തൊഴിലിനനുസരിച്ച് വരുമാനം കണ്ടെത്താനാകും.തുടര്‍ന്ന് ഖാദി തൊഴിലാളികളുടെ ആനുകൂല്യമുള്‍പ്പെടെയുള്ള വേതനവും ലഭിക്കും. പത്ത് പേര്‍ക്ക് കൂടി തൊഴില്‍ ചെയ്യുവാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.സ്ത്രീകള്‍ക്ക് വരുമാനം കണ്ടെത്തി അവരെ സ്വയം പര്യാപ്തരാക്കുന്നതോടൊപ്പം ഖാദി സൗഹൃദ ബ്ലോക്ക് പഞ്ചായത്താക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.പൂക്കാട്ട്കുന്ന് പ്രദേശത്ത് നടന്ന ചടങ്ങില്‍ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം എം രാമകൃഷ്ണന്‍, ലെക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുരേഷ്,കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് അംഗം എസ് ശിവരാമന്‍,പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസ്‌റിന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എന്‍ പി കോമളം ടീച്ചര്‍, രാധാകൃഷ്ണന്‍ മാസ്റ്റര്‍, എസ് അശ്വതി, ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയം പ്രൊജക്ട് ഓഫീസര്‍ എസ് കൃഷ്ണ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ വിനോദ്കുമാര്‍ ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, തുടങ്ങിവര്‍ പങ്കെടുത്തു.