പറമ്പിക്കുളം:അര്‍ഹരായ എല്ലാവര്‍ക്കും ഭക്ഷ്യധാന്യം ലഭ്യമാക്കുക സര്‍ക്കാര്‍ നയമെന്നും ഇക്കാര്യം ഉറപ്പാക്കുമെന്നും സംസ്ഥാന ഭക്ഷ്യ, സിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. കൃത്യമായ അളവിലും തൂക്കത്തിലും തന്നെയാണ് റേഷന്‍ ലഭിക്കുന്നത് എന്ന കാര്യം സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പറമ്പിക്കുളം ഗോത്രവര്‍ഗ മേഖലയില്‍ റേഷന്‍ ഭക്ഷ്യധാന്യം നേരിട്ട് എത്തിക്കുന്നതിനായി ആരംഭിച്ച സഞ്ചരിക്കുന്ന റേഷന്‍കട ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഒരാള്‍ക്കും ഭക്ഷ്യധാന്യം ലഭിക്കാതിരിക്കരുത് എന്ന സമീപനമാണ് സര്‍ക്കാറിന്റേത്. ഇതിനായി സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നിരന്തര ശ്രമമാണ് നടന്നു വരുന്നത്. പാലക്കാട് ജില്ലയില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 9373 മുന്‍ഗണനാ കാര്‍ഡുകള്‍ നല്‍കി. വിവിധ താലൂക്കുകളിലായി നടന്ന കരുതലും കൈത്താങ്ങും അദാലത്തുകളില്‍ മുന്‍ഗണനാ കാര്‍ഡുകളിലേക്ക് തരം മാറ്റാനായി ലഭിച്ച ഏകദേശം എല്ലാ അപേക്ഷകളിലും തീരുമാനമെടുക്കാന്‍ സാധിച്ചു. റേഷന്‍ കാര്‍ഡ് മസ്റ്ററിങ് പാലക്കോട് ജില്ലയില്‍ 95.51 ശതമാനം പൂര്‍ത്തീകരിച്ചതായും മന്ത്രി പറഞ്ഞു.സംസ്ഥാനത്തെ 139-ാമത്തെയും പാലക്കാട് ജില്ലയിലെ മൂന്നാമത്തെയും സഞ്ചരിക്കുന്ന റേഷന്‍ കടയാണ് പറമ്പിക്കുളത്ത് പ്രവര്‍ത്തനം തുടങ്ങിയത്. ഇത് പറമ്പിക്കുളം ടൈഗര്‍ റിസര്‍വിനു അകത്തുള്ള കുരിയാര്‍കുറ്റിയിലെ 86 കുടുംബങ്ങള്‍ക്കും പൂപ്പാറയിലെ 54 കുടുംബങ്ങള്‍ക്കും പദ്ധതി ഗുണം ചെയ്യും. നിലവില്‍ പറമ്പിക്കുളം സെന്ററിലാണു റേഷന്‍ കട. കുരിയാര്‍കുറ്റിയില്‍ നിന്ന് 10 കിലോമീറ്ററും പൂപ്പാറയില്‍ നിന്ന് 15 കിലോമീറ്ററും സഞ്ചരിച്ചു വേണം റേഷന്‍ കടയിലെത്താന്‍. കടയിലെത്തി റേഷന്‍ വാങ്ങാനുള്ള പ്രയാസങ്ങള്‍ മനസ്സിലാക്കി വനം വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.പറമ്പിക്കുളം എക്കോ ഡവലപ്‌മെന്റ് കമ്മിറ്റിയുടെ രണ്ടു വാഹന ങ്ങള്‍ വാഹനം വനംവകുപ്പ് ഇതിനായി ഒരുക്കിയിട്ടുണ്ട്. പൂപ്പാറയിലേക്കും കുരിയാര്‍കുറ്റിയിലേക്കും. കൃത്യമായ അളവിലും തൂക്കത്തിലും റേഷന്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരും ഉണ്ടാകും. മുന്‍കൂട്ടി തീയതി അറിയിച്ച ശേഷമാകും വാഹനം വിതരണത്തിനെത്തുക.പറമ്പിക്കുളം ടൈഗര്‍ കമ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ കെ.ബാബു എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. കല്‍പ്പനാ ദേവി, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. സി കൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് അംഗം ഗെല്‍വി, കുരിയാര്‍കുറ്റി നഗര്‍ മൂപ്പന്‍ കെ. ഗോപാലകൃഷ്ണന്‍, പൂപ്പാറ ഉന്നതി മൂപ്പന്‍ പി. മല്ലിയപ്പന്‍, പറമ്പിക്കുളം റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സി.അജയന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ. പ്രേമന്‍, വി. കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.റേഷനിങ് കണ്‍ട്രോളര്‍ അജിത് കുമാര്‍ സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസര്‍ എ.എസ് ബീന നന്ദിയും പറഞ്ഞു.