ഗുണനിലവാരം സംബന്ധിച്ച് ഉപഭോക്താവിനെ കൃത്യമായി ബോധ്യപ്പെടുത്താതെ ടൈലുകള്‍ വില്‍പ്പന നടത്തിയ കുറ്റത്തിന് വ്യാപാരിയേയും ഈ ടൈലുകള്‍ എയര്‍പോര്‍ട്ടുകള്‍, ഹോട്ടലുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, സ്‌കൂളുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഉപയോഗിക്കാന്‍ യോജ്യമായവയാണ് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിന് നിര്‍മ്മാതാവിനും തൃശ്ശൂര്‍ ജില്ലാ ഉപഭോക്തൃ കോടതി പിഴചുമത്തി.
ടൈലുകളുടെ വിലയായ 34,530 രൂപയും, പഴയ ടൈലുകള്‍ ഇളക്കി പുതിയ ടൈലുകള്‍ വിരിക്കുന്നതിനുള്ള കൂലി ഇനത്തില്‍ 51,200 രൂപയും, നഷ്ടപരിഹാരമായി 50,000 രൂപയും, കോടതി ചിലവിനത്തില്‍ 15,000 രൂപയും 9 ശതമാനം വാര്‍ഷിക പലിശസഹിതം പരാതിക്കാരനായ തോമസ് പുല്ലാനി വളപ്പിലിന് നല്‍കാന്‍ കോടതി ഉത്തരവിട്ടു. പ്രസിഡണ്ട് സി.ടി ബാബു, മെമ്പര്‍മാരായ ആര്‍. റാം മോഹന്‍, എസ്. ശ്രീജ എന്നിവരടങ്ങുന്ന ജില്ലാ ഉപഭോക്തൃതര്‍ക്കപരിഹാര കമ്മീഷന്‍ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. തൃശ്ശൂരിലെ ടൈല്‍ വ്യാപാരിയായ ഊക്കന്‍സ് ബില്‍ഡ് ഓള്‍ എന്ന സ്ഥാപനത്തിനും, ഗാന്ധിനഗറിലുള്ള ഷാ ടൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന നിര്‍മ്മാണ കമ്പനിക്കും എതിരെയാണ് വിധി.