കൂടരഞ്ഞി: ഞാൻ അനുഭവിക്കുന്നതിനേക്കാൾ വലിയ ദുരിതങ്ങൾ മറ്റുള്ളവർ അനുഭവിക്കുന്നുണ്ടെന്ന പാഠം തനിക്ക് പകർന്ന് നൽകിയത് മദർ തെരേസയാണെന്ന് വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പറഞ്ഞു. തിരുവമ്പാടി നിയോജക മണ്ഡലത്തിലെ കൂടരഞ്ഞിയിൽ നടന്ന കോർണർ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. 19 വയസുള്ളപ്പോഴാണ് എനിക്ക് അച്ഛനെ നഷ്ടപ്പെട്ടത്. കുറച്ചു മാസങ്ങൾക്ക് ശേഷം മദർ തെരേസ എൻ്റെ അമ്മയെ കാണാൻ വന്നു. ശേഷം എൻ്റെ റൂമിലെത്തി കട്ടിലിൽ ഇരിക്കുകയും അവരുടെ കൊന്ത അവർ എനിക്ക് തരികയും മിഷൻ ഓഫ് ചാരിറ്റിയുടെ സേവന പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ എന്നെ ക്ഷണിക്കുകയും ചെയ്തു. അവിടെ ഞാൻ നടത്തിയ സേവനങ്ങൾ മറ്റു മനുഷ്യരുടെ ദുരിതങ്ങളും പ്രയാസങ്ങളും കാണാൻ എന്നെ പ്രാപ്തമാക്കി. മറ്റുള്ളവരുടെ ദുരിതങ്ങൾ എൻ്റെ ദുരിതങ്ങളേക്കാൾ വലുതാണെന്ന് ബോധ്യപ്പെടുത്താനുള്ള മദർ തെരേസയുടെ പദ്ധതിയായിരുന്നു അതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
വിളനാശം സംഭവിക്കുന്നതിനാൽ കർഷകർക്ക് കൃഷി ചെയ്യാനാവുന്നില്ല. കൃഷി നാശത്തിന് കാര്യമായ നഷ്ടപരിഹാരം ലഭിക്കുന്നില്ല. കോർപ്പറേറ്റുകളുടെ 16 ലക്ഷം കോടിയുടെ കടങ്ങൾ കേന്ദ്ര സർക്കാർ എഴുതി തള്ളി. എന്നാൽ കർഷകരുടെ കടങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു.
എനിക്ക് ഡൽഹിയിൽ കിട്ടുന്ന സുഗന്ധവ്യഞ്ജനങ്ങളേക്കാൾ മികച്ചതാണ് വയനാട്ടിൽ ലഭിക്കുന്നത്. നല്ല റോഡുകളില്ലാത്തത് ഇവിടെ വലിയ പ്രശ്നമാണ്. ജനവാസ മേഖലകൾ പരിസ്ഥിതി ലോല മേഖലകളാക്കുന്നത് ജനങ്ങളെ ബുദ്ധിമുട്ടാക്കുകയാണ്. ഇവിടെ മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങൾ ഉണ്ടാവണം. മെച്ചപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേണം.
നൈപുണ്യ കഴിവുകൾ വളർത്തുന്നതിന് തൊഴിൽ പരിശീലന കേന്ദ്രങ്ങൾ വേണം. മെച്ചപ്പെട്ട കുടിവെള്ള സംവിധാനങ്ങൾ വേണം. വിനോദസഞ്ചാര മേഖല ശക്തിപ്പെടുത്തുന്നതിന് കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
എം.കെ രാഘവൻ എം.പി, ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ,
കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ ജോബ്, നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി.കെ കാസിം, ജന. കൺവീനർ ബാബു പൈക്കാട്ടിൽ, ഹബീബ് തമ്പി, ബോസ് ജേക്കബ്, സണ്ണി കിഴുക്കാരക്കാട്ട്, സണ്ണി പെരുകലംതറപ്പിൽ, ജോണി പ്ലാക്കാട്ട്, എം. സിറാജുദ്ദീൻ, ബി.പി റഷീദ്, മുഹമ്മദ് പാതിപ്പറമ്പിൽ, അബ്രാഹം കുഴുമ്പിൽ പങ്കെടുത്തു.