palakkad express news

Palakkad Express News

Watch Palakkad Express News 24/7



Leela Arcade 2nd floor Coimbatore Road Sulthanpet Palakkad 678001

വയനാട്ടിലെ മത്സരത്തിൽ നിന്ന് എൽ.ഡി.എഫ് പിന്മാറണമായിരുന്നു: കെ. മുരളീധരൻ

മുക്കം: സി.പി.ഐ ഇന്ത്യ മുന്നണി അംഗമായതിനാൽ വയനാട്ടിലെ മത്സരത്തിൽ നിന്ന് എൽ.ഡി.എഫ് പിന്മാറണമായിരുന്നുവെന്ന് കെ. മുരളീധരൻ പറഞ്ഞു. യു.ഡി.എഫ് വയനാട് പാർലമെൻ്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഇൻഡ്യ മുന്നണിയുടെ പ്രധാന നേതാക്കന്മാരിൽ ഒരാളായ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കാനുള്ള സി.പി.ഐയുടെ തീരുമാനം ദൗർഭാഗ്യകരമാണ്. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ യാതൊരു സഹായവും കേന്ദ്രസർക്കാർ നൽകിയിട്ടില്ല. ഒരു രൂപ പോലും നൽകാൻ തയാറാകാത്തവർ ഇവിടെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തന്നെ തൊലിക്കട്ടിയുടെ ഭാഗമായാണ് കാണുന്നത്. ഇത്ര വലിയ ദുരന്തം ഉണ്ടായി, ദുരന്തസ്ഥലം പ്രധാനമന്ത്രി നേരിട്ട് കണ്ടിട്ടും ഒരു രൂപ പോലും ധനസഹായം നൽകാൻ തയാറായിട്ടില്ല. വയനാട് ദുരന്തബാധിതർക്ക് വിവിധ സംഘടനകൾ വീടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ അതിനുവേണ്ട സ്ഥലം കണ്ടെത്തി കൊടുക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ചുമതലയാണ്. ഇതുവരെയായി അക്കാര്യത്തിൽ ഒരു താൽപര്യവും സംസ്ഥാനം എടുത്തിട്ടില്ല. കേന്ദ്രവും സംസ്ഥാന സർക്കാരും തികച്ചും നിഷേധാത്മകമായ നിലപാടാണ് വയനാടിനോട് സ്വീകരിക്കുന്നത്. ഈ വിഷയങ്ങളെല്ലാം ഉയർത്തിക്കൊണ്ട് രാഷ്ട്രീയപരമായാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. യു.ഡി.എഫ് വൈകാരികമായി വോട്ട് പിടിക്കുന്നുവെന്നാണ് എൽ.ഡി.എഫ് ആരോപിക്കുന്നത്. രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച കുടുംബത്തിലെ അംഗമാണ് പ്രിയങ്ക ഗാന്ധി. രാഷ്ട്രീയം പറഞ്ഞിട്ടാണ് പ്രിയങ്ക ഗാന്ധി വോട്ട് ചോദിക്കുന്നത്. ഇൻഡ്യ മുന്നണിയുടെ നേതാവെന്ന നിലയിലാണ് പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. അതുകൊണ്ടാണ് പ്രിയങ്ക ഗാന്ധി സംസ്ഥാന സർക്കാരിനെ വിമർശിക്കാത്തത്. ബി.ജെ.പിയെയാണ് ദേശീയ തലത്തിൽ നേരിടേണ്ടത്. അതിനാൽ സംസ്ഥാന സർക്കാരിനെ പരാമർശിക്കാതെ മാന്യമായ രീതിയിലാണ് പ്രിയങ്ക ഗാന്ധി പ്രചരണം നടത്തുന്നത്. ഇത് ഉൾക്കൊള്ളുന്നതിന് പകരം യുഡിഎഫ് സ്ഥാനാർഥിയെ ആക്രമിക്കുന്നത് പോലെ സി.പി.ഐയിൽ നിന്ന് ഉണ്ടായ സമീപനം ദൗർഭാഗ്യകരമാണ്. വയനാട്ടിൽ ഏതൊരു പ്രശ്നം ഉണ്ടായാൽ പാർലമെൻ്റിൽ രാഹുൽ ഗാന്ധി ശക്തമായി ശബ്ദം ഉയർത്തുമായിരുന്നു. വയനാട് മണ്ഡലം നിലനിർത്തണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആഗ്രഹം. എന്നാൽ അദ്ദേഹത്തെപ്പോലെ ബി.ജെ.പിയെ നേരിടുന്ന ഒരു നേതാവ് ഉത്തരേന്ത്യയിൽ പ്രത്യേകിച്ച് ഉത്തർപ്രദേശിൽ തുടരണമെന്ന കോൺഗ്രസ് പാർട്ടിയുടെയും ഇൻഡ്യ മുന്നണിയിലെ സമാജ് വാദി പാർട്ടി അടക്കമുള്ള ഘടകകക്ഷികളുടെയും നിർബന്ധത്തിന് വഴങ്ങിയതാണ് സീറ്റ് ഒഴിഞ്ഞത്. പാലക്കാടും ചേലക്കരയിലും അടുത്ത ദിവസങ്ങളിൽ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകും. ചേലക്കരയിൽ യു.ഡി.എഫ് സീറ്റ് പിടിച്ചെടുക്കും. തനിക്ക് പാർലമെന്റിലേക്ക് സീറ്റ് തന്നത് രാജീവ് ഗാന്ധിയാണ്. 1991 മെയ് മാസത്തിൽ എനിക്ക് വേണ്ടി അദ്ദേഹം കോഴിക്കോട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നിരുന്നു. പിരിയാൻ നേരത്ത് ഡൽഹിയിൽ വച്ച് കാണാം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പക്ഷേ അദ്ദേഹത്തിന് ജീവൻ നഷ്ടപ്പെട്ടു. അദ്ദേഹത്തിൻ്റെ പുത്രി മത്സരിക്കുന്ന ഇടത്തുനിന്ന് തന്നെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാൻ കാരണം അതാണ്. ആ കുടുംബവുമായി തനിക്കുള്ളത് വൈകാരിക ബന്ധമാണെന്നും കെ. മുരളീധരൻ പറഞ്ഞു. ഡി.സി.സി പ്രസിഡൻ്റ് അഡ്വ. കെ. പ്രവീൺകുമാർ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചീഫ് കോഡിനേറ്റർ സി.പി ചെറിയ മുഹമ്മദ്, കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ ജോബ്, സി.കെ കാസിം പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *