പാലക്കാട്: തിരഞ്ഞെടുപ്പ് പ്രചരണം മുറുകുമ്പോൾ ഇടതുപക്ഷം കൂടുതൽ അപഹാസ്യരാകുന്ന കാഴ്ച്ചയാണ് കാണുന്നതെന്ന് കേരള ഡെമോക്രാറ്റിക് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് വേലായുധൻ അഭിപ്രായപ്പെട്ടു.കേരളത്തിലെ ഭരണപരാജയവും ജനങ്ങളുടെ ബുദ്ധിമുട്ടും സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകളും അഴിമതിയും വികസനമുരടിപ്പും യുഡിഎഫ് ചർച്ചയാക്കുമ്പോൾ അത്തരം വിഷയങ്ങളിൽ നിന്ന് സിപിഎം ഒളിച്ചോടുകയാണ്.നുണ പ്രചരിപ്പിക്കാൻ ഒരു ജാള്യതയുമില്ലാത്ത സംവിധാനമായി ഇടതുപക്ഷം അധഃപതിച്ചിരിക്കുന്നു.കടുത്ത ഭരണപക്ഷവിരുദ്ധവികാരവും അമർഷവും ജനങ്ങൾക്കിടയിൽ പുകയുന്നത് പ്രകടമാണ്.കർഷകരും തൊഴിലാളികളും വ്യാപാരികളും ദുരിതത്തിലാണ്. വിവിധ സാമുദായിക സംഘടനകൾ അസ്വസ്ഥരാണ്. അതെല്ലാം ഉപതിരഞ്ഞെടുപ്പിലെ ജനവിധിയിൽ തെളിയുമെന്ന് കെഡിപി ജനറൽ സെക്രട്ടറി സൂചിപ്പിച്ചു. വർഗ്ഗീയമായ ചേരിതിരിവ് സൃഷ്ടിക്കാൻ രാജ്യവ്യാപകമായി ബിജെപിയും കേരളത്തിൽ സിപിഎമ്മും നടത്തുന്ന സമാനനീക്കങ്ങൾ തിരിച്ചറിഞ്ഞ് മതനിരപേക്ഷചേരി കൈവരിക്കുന്ന വിജയമായിരിക്കും രാഹുൽ മാങ്കൂട്ടത്തിലിന്റെ വൻഭൂരിപക്ഷമെന്ന് കെ ഡി പി വിലയിരുത്തുന്നു.