
പാലക്കാട് : നഗരം ഇളക്കി മറിച്ച് റോഡ് ഷോയുമായി പാലക്കാട് മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ. വൈകിട്ട് 4 മണിയോടെ ആലംകോട് നിന്നാണ് ഷോ ആരംഭിച്ചത്. നാസിക് ഡോളിൻ്റെ അകമ്പടിയോടെ മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ സ്ഥാനാർത്ഥിയെ വരവേറ്റു.തുടർന്ന് നടന്ന സ്വീകരണ ചടങ്ങിൽ പാലക്കാടിൻ്റെ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ എൻ ഡി എ ജയിക്കണമെന്ന് സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പറഞ്ഞു. എൻ.ഡി.എ. സർക്കാർ മാത്രമാണ് പാലക്കാടിന് വിവിധ പദ്ധതികൾ അനുവദിച്ചത്. ഒ. രാജഗോപാൽ റെയിൽവേ മന്ത്രിയായ കാലത്ത് അനുവദിച്ച മേൽപ്പാലങ്ങൾ മുതൽ മോദി സർക്കാർ പ്രഖ്യാപിച്ച വ്യവസായ ഇടനാഴിവരെ ഇതിന് തെളിവാണ്. എന്നാൽ ടൗൺ ഹാൾ വരെ പൊളിച്ചിടുകയാണ് യു.ഡി എഫ് ചെയ്തത്. പേരിന് മാത്രമാണ് പാലക്കാട് മെഡിക്കൽ കോളേജ് ഉള്ളത്. അഴിമതി നടത്താനുള്ള സ്ഥാപനമാക്കി മെഡിക്കൽ കോളേജിനെ മാറ്റുകയാണ് മുൻ എം.എൽ.എ ചെയ്തത്. ഉപതെരഞ്ഞെടുപ്പ് പോലും ഇരു മുന്നണികളുടേയും ദുരയുടെ അനന്തര ഫലമാണ്. ജനങ്ങളുടെ മേൽ ഉപ തെരഞ്ഞെടുപ്പുകൾ അടിച്ചേൽപ്പിക്കുകയായിരുന്നെന്നും സി. കൃഷ്ണകുമാർ പറഞ്ഞു.പാലക്കാടിന് വേണ്ടി നിയമസഭയിൽ സംസാരിക്കാൻ ആളില്ലാത്ത അവസ്ഥയാണ്. മെട്രോമാൻ ഇ ശ്രീധരൻ തയ്യാറാക്കിയ വികസന രൂപ രേഖ പോലും തിരിഞ്ഞു നോക്കാൻ മുൻ എം.എൽ.എ തയ്യാറായില്ല. എന്നാൽ എൻ ഡി എ ജയിച്ചാൽ ഇത് തീർച്ചയായും നടപ്പാക്കുമെന്നും സ്ഥാനാർത്ഥി പറഞ്ഞു.ബി.ജെ.പി പാലക്കാട് മണ്ഡലം പ്രസിഡൻറ്, ബാബു വെണ്ണക്കര, യുവമോർച്ച സംസ്ഥാന പ്രസിഡൻറ് പ്രഫുൽ കൃഷ്ണ, ജില്ലാ പ്രസിഡൻറ് പ്രശാന്ത് ശിവൻ, ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി, വാർഡ് കൗൺസിലർ ദീപാ മണികണ്ഠൻ, ബിഡി ജെ എസ് ജില്ലാ ജനറൽ സെക്രട്ടറി എ ഗംഗാധരൻ, ബി.ജെ.പി നേതാക്കളായ അഡ്വ.ഷൈജു, ലിജിൻ ലാൽ തുടങ്ങിയവർ റോഡ് ഷോ തുടക്കം കുറിച്ച സ്ഥലത്തെ യോഗത്തിൽ സംസാരിച്ചു.തുടർന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ മുത്തു പട്ടണം, കുന്നുംപുറം വഴി സുന്ദരം കോളനിയിലെത്തിയ സ്ഥാനാർത്ഥിയെ കുട്ടികളും വീട്ടമ്മമാരും ചേർന്ന് വരവേറ്റു. വീട്ടമ്മമാർ തങ്ങളുടെ പ്രശ്നങ്ങൾ സ്ഥാനാർത്ഥിക്ക് മുൻപിൽ വിവരിച്ചു.പിന്നീട് മധുര വീരൻ കോളനി,പേച്ചിയമ്മൻ നഗർ,ചാത്തപുരം, അവിഞ്ഞിപ്പാടം, മന്ദക്കര, തോണി പാളയം തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ റോഡ് ഷോക്ക് സ്വീകരണം നടന്നു.