സർക്കാറിന്റെ അനുവാദമില്ലാതെ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുറ്റിയാട്ടൂർ കെഎകെഎൻഎസ് എയുപി സ്‌കൂളിന് പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.അനുവാദമില്ലാതെപ്രവർത്തിക്കുന്ന വിദ്യാലയങ്ങളുടെ പട്ടിക തയാറാക്കുവാൻ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. അധ്യാപകർ സ്വന്തം മക്കളെ പരിലാളിക്കുന്നതുപോലെ തുല്യ പ്രാധാന്യം അവർ പഠിപ്പിക്കുന്ന ഓരോ കുട്ടിക്കും നൽകണമെന്നും മന്ത്രി പറഞ്ഞു. ഓരോ ടീച്ചറും അവരുടെ കുട്ടിയുടെ അമ്മ അല്ലെങ്കിൽ രക്ഷകർത്താവാണ്. അവർ പഠിപ്പിക്കുന്ന കുട്ടിക്ക് എന്തെകിലും കുറവ് ഉണ്ടെകിൽ അതിനു പരിഹാരം കാണേണ്ട ഉത്തരവാദിത്തം പഠിപ്പിക്കുന്ന അധ്യാപകർക്കാണെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി വിദ്യാഭ്യാസം ഇനി പാഠപുസ്തകങ്ങളിൽ മാത്രം ഒതുങ്ങാതെ ശുചിത്വ വിദ്യാലയം, ഹരിത വിദ്യാലയം പോലുള്ള സംരംഭങ്ങളിലൂടെ സ്‌കൂളുകളിൽ ദിനചര്യയുടെ ഭാഗമായി മാറി എന്നും മന്ത്രി പറഞ്ഞു. കുറ്റിയാട്ടൂർഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി റെജി അധ്യക്ഷത വഹിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ മുനീർ, കുറ്റിയാട്ടൂർ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻയു മുകുന്ദൻ, കുറ്റിയാട്ടൂർ ഗ്രാമ പഞ്ചായത്ത് അംഗം സത്യഭാമ, ഹെഡ്മിസ്ട്രസ് കെ കെ അനിത, എ ഇ ഒ ജാൻസി ജോൺ, ഗോവിന്ദൻ എടാടത്തിൽ, കെ മധു, കെ വി പുഷ്പജ, കെ സി ഹബീബ്, ടി കെ ധന്യ, കെ സുശീലഎന്നിവർ സംസാരിച്ചു.