സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ (എം.ജി.എന്‍.ആര്‍.ഇ.ജി.എസ്) ഏറ്റെടുത്ത് നിര്‍വ്വഹിച്ച വിവിധ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല പൂര്‍ത്തീകരണ പ്രഖ്യാപനവും ഉദ്ഘാടനവും ഒക്ടോബര്‍ 13 ന് തൃത്താല കൂറ്റനാട് ഗാമിയോ കണ്‍വെന്‍ഷന്‍ സെന്ററില്‍ തദ്ദേശസ്വയഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിര്‍വഹിക്കും. രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിക്കും.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 60 അങ്കണവാടികളുടെ നിര്‍മാണം, 500 കാര്‍ഷിക കുളങ്ങളുടെ നിര്‍മാണം, 100 പൊതുകുളങ്ങളുടെ പുനരുദ്ധാരണം, 50 സ്വയം സഹായ സംഘങ്ങള്‍ക്കുള്ള വര്‍ക് ഷെഡ് നിര്‍മാണം, 250 കി.മീറ്റര്‍ ഗ്രാമീണ റോഡുകളുടെ നിര്‍മാണം, വനവത്കരണ പരിപാടികളുടെ ഭാഗമായി മൂന്നു ലക്ഷം തൈകളുടെ നടീല്‍, മൂന്നു കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കല്‍, 2000 കി.മീറ്റര്‍ തോടുകളുടെയും നീര്‍ചാലുകളുടെയും പുനരുദ്ധാരണം, 900 കിണര്‍ റീചാര്‍ജ് പ്രവൃത്തികള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിട്ടിരുന്നത്. ഈ പദ്ധതികളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും ഉദ്ഘാടനവുമാണ് ചടങ്ങില്‍ മന്ത്രി നിര്‍വഹിക്കുക. ഓരോ പ്രവര്‍ത്തനവും മികച്ച രീതിയില്‍ നിര്‍വഹിച്ച ഗ്രാമപഞ്ചായത്തുകളെയും ചടങ്ങില്‍ ആദരിക്കും.
എം.പിമാരായ അബ്ദുസ്സമദ് സമദാനി എം.പി, കെ. രാധാകൃഷ്ണന്‍, വി.കെ ശ്രീകണ്ഠന്‍, എം.എല്‍.എമാരായ മുഹമ്മദ് മുഹ്‌സിന്‍, പി. മമ്മിക്കുട്ടി, കെ. പ്രേംകുമാര്‍, കെ. ശാന്തകുമാരി, എം. ഷംസുദ്ധീന്‍, എ. പ്രഭാകരന്‍, പി.പി സുമോദ്, കെ. ബാബു, കെ.ഡി പ്രസേനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാവും. ‘ഉന്നതി’ പരിശീലനം പൂര്‍ത്തീകരിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ കളക്ടര്‍ ഡോ. എസ്. ചിത്ര നിര്‍വഹിക്കും. തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് മിഷന്‍ ഡയറക്ടര്‍ എ. നിസാമുദ്ധീന്‍, വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.