തൃത്താല മണ്ഡലത്തെ സമ്പൂര്‍ണ്ണ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ പങ്കാളികളാക്കികൊണ്ട് നടപ്പിലാക്കുന്ന ഹരിത വിദ്യാലയം, ഹരിത ഭവനം, ഹരിത നഗരം മെഗാ ക്യാംപയിന് (ഒക്ടോബര്‍ അഞ്ച്) തുടക്കമാവും. കൂറ്റനാട് സെന്ററില്‍ രാവിലെ 10.30 ന് തദ്ദേശ സ്വയം ഭരണ, എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് ക്യാംപയിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
തൃത്താല നിയോജകമണ്ഡല പരിധിയിലുള്ള കോളേജുകള്‍, ഹയര്‍സെക്കന്ററി സ്‌കൂളുകള്‍, ഹൈസ്‌കൂളുകള്‍, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകള്‍, പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ എന്‍.സി.സി., എസ്.പി.സി., എന്‍.എസ്.എസ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, പരിസ്ഥിതി ക്ലബുകള്‍, ഭൂമിത്രസേന, സുസ്ഥിര ക്ലബുകള്‍ എന്നിവയുടെ സഹകരണത്തോടുകൂടിയാണ് ക്യംപയിന്‍ നടപ്പിലാക്കുന്നത്.
ഓരോ വിദ്യാലയത്തെയും മാലിന്യമുക്ത ഹരിതവിദ്യാലയങ്ങളാക്കി മാറ്റുക, വിദ്യാലയങ്ങളുടെ പരിസരത്തുള്ള ടൗണുകളുടെ ശുചീകരണം നടത്തുകയും തുടര്‍സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുക, മാലിന്യമുക്തം നവകേരളം ക്യാംപയിന്റെ സന്ദേശം എല്ലാ വിദ്യാര്‍ഥികളിലേക്കും അതു വഴി മണ്ഡലത്തിലെ എല്ലാ വീടുകളിലേക്കും എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി ആരംഭിക്കുന്നത്. മണ്ഡലത്തിലെ കൂറ്റനാട് ടൗണ്‍, പടിഞ്ഞാറങ്ങാടി, കുമ്പിടി, മേഴത്തൂര്‍, കൊടിക്കുന്ന്, കുമരനെല്ലൂര്‍ ടൗണ്‍, ചാലിശ്ശേരി, കറുകപുത്തൂര്‍, പെരിങ്ങോട്, കൂട്ടുപാത, വെള്ളിയാങ്കല്ല്, ആറങ്ങോട്ടുകര, തൃത്താല സെന്റര്‍ എന്നീ കേന്ദ്രങ്ങളില്‍ ഇന്ന് മെഗാ ശുചീകരണവും നടക്കും.