കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ് 2023 ഏപ്രില്‍ ഒന്ന് മുതല്‍ 2027 മാര്‍ച്ച് 31വരെയുള്ള കാലയളവിലേക്ക് വൈദ്യുതി നിരക്കുകള്‍ പരിഷ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പെറ്റീഷന്മേല്‍ പൊതുജനങ്ങളുടെയും മറ്റ് തല്‍പ്പരകക്ഷികളുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടുന്നതിനായുള്ള പൊതുതെളിവെടുപ്പ് ജില്ലാ പഞ്ചായത്ത് ഹാളില്‍ നാളെ(സെപ്റ്റംബര്‍ നാലിന് ) രാവിലെ 11ന് നടക്കും. പൊതുതെളിവെടുപ്പില്‍ പൊതുജനങ്ങള്‍ക്കും വിഷയത്തില്‍ താല്‍പര്യമുള്ള കക്ഷികള്‍ക്കും നേരിട്ടെത്തി അഭിപ്രായം പങ്കുവയ്ക്കാം.
റെഗുലേറ്ററി കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളുടെ സംക്ഷിപ്തരൂപം പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കമ്മീഷന്റെ www.erckerala.org എന്ന വെബ്സൈറ്റിലും കെ.എസ്.ഇ.ബിയുടെ വെബ്സൈറ്റിലും ഇത് ലഭ്യമാണ്. വൈദ്യുതി നിരക്ക് പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് കെഎസ്ഇബി സമര്‍പ്പിക്കുന്ന ശുപാര്‍ശകളിന്‍മേല്‍ വ്യവസായ, വ്യാപാര മേഖലയില്‍ നിന്നുള്ളവര്‍, ഉപഭോക്തൃ സംഘടനകള്‍ ഉള്‍പ്പെടെ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം ആരാഞ്ഞ ശേഷമാണ് എല്ലായ്പ്പോഴും കമ്മീഷന്‍ തീരുമാനം കൈക്കൊള്ളാറുള്ളതെന്ന് കമ്മീഷന്‍ അറിയിച്ചു. കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ നടപടിക്രമത്തിന്റെ ഭാഗമായാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമ്മീഷന്‍ ഹിയറിംഗുകള്‍ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകളില്‍ വഞ്ചിതരാവരുതെന്ന് കമ്മീഷന്‍ അറിയിച്ചു.
തപാല്‍ മുഖേനയും kserc@erckerala.org എന്ന ഇമെയില്‍ മുഖേനയും സെപ്തംബര്‍ 10ന് വൈകിട്ട് അഞ്ച് വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. വിലാസം : സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍, കെ.പി.എഫ്.സി ഭവനം, സി.വി.രാമന്‍പിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695010.