palakkad express news

Palakkad Express News

Watch Palakkad Express News 24/7



Leela Arcade 2nd floor Coimbatore Road Sulthanpet Palakkad 678001

*വെസ്റ്റ് നൈല്‍ പനി, ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി: മന്ത്രി വീണാ ജോര്‍ജ്*

*കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനം*

*വെസ്റ്റ് നൈല്‍ പനിയെപ്പറ്റി അറിയാം*

തിരുവനന്തപുരം: മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. കഴിഞ്ഞയാഴ്ച നടന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ ഭരണകൂടങ്ങളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും നിര്‍ദേശം നല്‍കി. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് വിവിധ ഭാഗങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയയ്ച്ചു. അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി. 2011 മുതല്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വെസ്റ്റ് നൈല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ആശങ്കപ്പെടേണ്ട കാര്യമില്ല. പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ജപ്പാന്‍ ജ്വരത്തിന് സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് വെസ്റ്റ് നൈല്‍ പനിയും കാണാറുള്ളത്. എന്നാല്‍ ജപ്പാന്‍ ജ്വരത്തെ പോലെ രോഗം ഗുരുതരമാകാറില്ല. എങ്കിലും ജാഗ്രത പാലിക്കണം. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വ്യക്തികള്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനില്‍ക്കാതെ നോക്കണം.

*എന്താണ് വെസ്റ്റ് നൈല്‍?*

ക്യൂലക്‌സ് കൊതുക് പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍. ജപ്പാന്‍ ജ്വരത്തെപ്പോലെ അപകടകരമല്ല. ജപ്പാന്‍ ജ്വരം സാധാരണ 18 വയസിന് താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കില്‍ വൈസ്റ്റ് നൈല്‍ പനി മുതിര്‍ന്നവരിലാണ് കാണുന്നത്. രണ്ടും കൊതുകുവഴി പകരുന്ന രോഗമാണ്. ജപ്പാന്‍ ജ്വരത്തിന് വാക്‌സിന്‍ ലഭ്യമാണ്.

*രോഗപ്പകര്‍ച്ച*

ക്യൂലക്‌സ് വിഭാഗത്തില്‍പ്പെട്ട കൊതുകാണ് വെസ്റ്റ് നൈല്‍ പനി പ്രധാനമായും പരത്തുന്നത്. പക്ഷികളിലും രോഗബാധയുണ്ടാകാറുണ്ട്. 1937ല്‍ ഉഗാണ്ടയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. 2011ല്‍ ആലപ്പുഴയിലാണ് സംസ്ഥാനത്ത് ആദ്യമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്തത്.

*രോഗലക്ഷണങ്ങള്‍*

തലവേദന, പനി, പേശിവേദന, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗബാധയുണ്ടായ ഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല. ചിലര്‍ക്ക് പനി, തലവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ഒരു ശതമാനം ആളുകളില്‍ തലച്ചോറിനെ ബാധിക്കുന്നതുമൂലം ബോധക്ഷയവും ചിലപ്പോള്‍ മരണം വരെയും സംഭവിക്കാം. എന്നാല്‍ ജപ്പാന്‍ ജ്വരത്തെ അപേക്ഷിച്ച് താരതമ്യേന മരണ നിരക്ക് കുറവാണ്.

*രോഗപ്രതിരോധവും ചികിത്‌സയും*

വൈസ്റ്റ് നൈല്‍ വൈറസിനെതിരായ മരുന്നുകളോ വാക്‌സിനോ ലഭ്യമല്ലാത്തതിനാല്‍ രോഗലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സയും പ്രതിരോധവുമാണ് പ്രധാനം. കൊതുകുകടി എല്‍ക്കാതിരിക്കുകയാണ് എറ്റവും നല്ല പ്രതിരോധ മാര്‍ഗം. ശരീരം മൂടുന്ന വിധത്തില്‍ വസ്ത്രം ധരിക്കുക, കൊതകു വല ഉപയോഗിക്കുക, കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടുക, കൊതുകുതിരി, വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കൊതുക് നശീകരണ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് ഫലപ്രദമാണ്. കൂടാതെ കൊതുകിന്റെ ഉറവിട നശീകരണവും പ്രധാനമാണ്. സ്വയം ചികിത്സ രോഗത്തെ സങ്കീര്‍ണമാക്കും. ആരംഭത്തില്‍ തന്നെ ചികിത്സിച്ചാല്‍ ഭേദമാക്കാവുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *