ജില്ലയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി താഴെതട്ടിലുള്ള പാര്‍ട്ടി-മത-സാമുദായിക സംഘടനകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി യോഗം ചേരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. ജില്ലയിലെ ക്രമസമാധാനം നിലനിര്‍ത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കലക്ടറുടെ ചേംബറില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും മത-സാമുദായിക സംഘടനകളുടെയും യോഗത്തിലാണ് തീരുമാനം. സമൂഹമാധ്യമങ്ങളില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളും പോസ്റ്റുകളും ഒഴിവാക്കാന്‍ മുതിര്‍ന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ താഴെത്തട്ടിലേക്ക് നിര്‍ദേശം നല്‍കുന്നതിലുള്‍പ്പെടെ ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ നിര്‍ദേശിച്ചു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പുതിയ വോട്ടര്‍മാരുടെ പേര് ചേര്‍ക്കുന്നതിന് സഹകരിക്കണമെന്നും തെരഞ്ഞെടുപ്പ് ക്രമസമാധാന പ്രശ്നങ്ങളില്ലാതെ പൂര്‍ത്തിയാക്കുന്നതിന് ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്, ആര്‍.ഡി.ഒ എസ്. ശ്രീജിത്ത്, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
