palakkad express news

Palakkad Express News

Watch Palakkad Express News 24/7



Leela Arcade 2nd floor Coimbatore Road Sulthanpet Palakkad 678001

മലയോര പട്ടയം: സംയുക്ത പരിശോധന ഏപ്രിലില്‍ തുടങ്ങും

1977 ജനുവരി ഒന്നിന് മുന്‍പ് വനഭൂമിയില്‍ കുടിയേറി താമസിച്ചു വരുന്ന അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായി റവന്യു, വനം വകുപ്പുകളുടെ സംയുക്ത പരിശോധന ഏപ്രില്‍ മാസം ആരംഭിക്കുന്നതിന് റവന്യു, വനം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.കേരളത്തിലെ മലയോര മേഖലയില്‍ പട്ടയത്തിന് അപേക്ഷ സ്വീകരിക്കുന്നതിനും സംയുക്ത പരിശോധന (ജോയിന്റ് വെരിഫിക്കേഷന്‍) നടത്തുന്നതിനും കേന്ദ്ര സര്‍ക്കാര്‍ അനുമതി ആവശ്യമായിരുന്നു. 2024 ഫെബ്രുവരിയില്‍ റവന്യൂ മന്ത്രി കെ. രാജനും വനം മന്ത്രി എ.കെ ശശീന്ദ്രനും കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവ്, സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ എന്നിവരുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയുടെ ഫലമായാണ് കേന്ദ്രാനുമതി ലഭിച്ചത്.1993 ലെ പുതിയ ചട്ട പ്രകാരം 1977 ജനുവരി ഒന്നിന് മുന്‍പ് കുടിയേറിയവരുടെ പട്ടയം അപേക്ഷകള്‍ സ്വീകരിച്ച് നടപടി സ്വീകരിക്കുവാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുമായിരിന്നില്ല. കുടിയേറ്റക്കാരുടെ ബന്ധുക്കളുടെയും ഭൂമി കൈമാറ്റം ചെയ്തവരുടെയും അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നിരന്തര ശ്രമഫലമായി കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്താനും സംയുക്ത പരിശോധനക്കായുള്ള അനുമതി നേടാനുമായത്. മലയോരമേഖലയില്‍ പുതിയ അപേക്ഷ സ്വീകരിക്കാനും അതിന്റെ ഭാഗമായുള്ള വെരിഫിക്കേഷന്‍ നടത്താനും കേരളത്തിന് പ്രത്യേക അനുവാദം ലഭിച്ചു.ഇതേ തുടര്‍ന്ന്, 1977 ജനുവരി ഒന്നിന് മുന്‍പ് വനഭൂമിയില്‍ കുടിയേറി താമസിച്ചു വരുന്ന മുഴുവന്‍ പേര്‍ക്കും അതത് പ്രദേശത്ത് ബാധകമായ പതിവ് ചട്ടങ്ങള്‍ പ്രകാരം യോഗ്യതക്ക് അനുസൃതമായി പട്ടയം നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 2024 മാര്‍ച്ച് 1 മുതല്‍ 31 വരെ സമഗ്ര വിവര ശേഖരണം നടത്തുന്നതിന് വില്ലേജ് ഓഫീസുകളില്‍ സൗകര്യം ഒരുക്കിയിരുന്നു. എന്നാല്‍ അര്‍ഹരായ പലര്‍ക്കും ഈ ഘട്ടത്തില്‍ അപക്ഷ നല്‍കാന്‍ കഴിഞ്ഞിരുന്നില്ലെന്ന കര്‍ഷക സംഘടനകളുടെയും ജനപ്രതിനിധികളുടെയും അഭ്യര്‍ത്ഥന പ്രകാരം ജൂലൈ 10 മുതല്‍ 31 വരെ വീണ്ടും വിവര ശേഖരണത്തിന് സൗകര്യം നല്‍കിയിരുന്നു. രണ്ടു ഘട്ടങ്ങളായി നടന്ന വിവര ശേഖരണത്തിലൂടെ 59,830 അപേക്ഷകളാണ് ലഭിച്ചത്.ജോയിന്റ് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് ജോയിന്റ് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ എ. ഗീത, പ്രിന്‍സിപ്പല്‍ സിസിഎഫ് രാജേഷ് രവീന്ദ്രന്‍ എന്നിവര്‍ അംഗങ്ങളായ പ്രത്യേക സമിതിയെ യോഗം ചുമതലപ്പെടുത്തി.നിയമസഭാ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ഡോ. എ. കൗശിഗന്‍, ജോയിന്റ് കമ്മീഷണര്‍ എ. ഗീത, പിസിസിഎഫ് രാജേഷ് രവീന്ദ്രന്‍, എപിസിസിഎഫ് ഡോ. പി. പുകഴേന്തി, ജില്ലാ കളക്ടര്‍മാര്‍, മറ്റു വനം, റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *