തൃശ്ശൂർ :വേനലവധിക്കാലം, തൃശ്ശൂർ പൂരം എന്നിവയോടനുബന്ധിച്ച് ജില്ലയിലെ ജ്യൂസ് കടകളിലും വഴിയോരക്കച്ചവട കേന്ദ്രങ്ങളിലും പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന് എ.ഡി.എം ടി. മുരളി നിർദ്ദേശം നൽകി. എ.ഡി.എമ്മിന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്ന ജില്ലാ തല ഉപദേശക സമിതിയിലാണ് തീരുമാനം. വഴിയോരങ്ങളിൽ വിൽക്കുന്ന ഇളനീരുകളിൽ നിരോധിത കീടനാശിനി ചേർത്തിട്ടുണ്ടോയെന്ന് കാർഷിക സർവകലാശാല, കൃഷി വകുപ്പ് എന്നിവരുടെ സഹകരണത്തോടെ പരിശോധിക്കണം. സോഡ നിർമാണശാലകളിലും ശുചിത്വം ഉറപ്പ് വരുത്തണം.നഗരത്തിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലുകളിലും ട്യൂഷൻ സെന്ററുകളോടനുബന്ധിച്ച് കുട്ടികളെ താമസിപ്പിച്ച് പഠിപ്പിക്കുന്നയിടങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന വേണമെന്ന് എ.ഡി.എം നിർദ്ദേശിച്ചു. കൃത്യമായ മനദണ്ഡങ്ങൾ പാലിച്ചാണ് ഇവിടങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നെതെന്ന് ഉറപ്പുവരുത്തണം. ഇത്തരം സ്ഥാപനങ്ങളുടെ വിവരങ്ങൾ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വിവരങ്ങൾ ശേഖരിക്കണം. പരിശോധനയ്ക്കായി കോർപ്പറേഷന്റെ സഹായവും തേടാം.കനാലുകളിൽ നിന്നും മറ്റും വെള്ളമെടുത്ത് കുടിവെള്ളമെന്ന പേരിൽ നഗരത്തിലെ ഫ്ലാറ്റുകളിൽ വിതരണം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. ഇക്കാര്യം പരിശോധിക്കാൻ അധ്യക്ഷൻ ഭക്ഷ്യസുരക്ഷാ വകുപ്പിനെ ചുമതലപ്പെടുത്തി.