ലൈഫ് ഭവനപദ്ധതി നിർവഹണത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് ഒറ്റപ്പാലം നഗരസഭ. സംസ്ഥാന സർക്കാരിൻ്റെ ലൈഫ് മിഷൻ അവാർഡിൽ രണ്ടാം സ്ഥാനം നേടി നഗരസഭ അഭിമാനമായി.2023-24 വർഷത്തെ ലൈഫ് മിഷൻ പ്രവർത്തനം വിലയിരുത്തിയാണ് അവാർഡ്. തല ചായ്ക്കാൻ സുരക്ഷിത ഭവനമെന്ന സാധാരണക്കാരൻ്റെ സ്വപ്നമാണ് ലൈഫ് പദ്ധതിയിലൂടെ നഗരസഭ സാക്ഷാത്കരിച്ചത് .2023-24 സാമ്പത്തിക വർഷത്തിൽ ലൈഫ് പദ്ധതി പ്രകാരം 1688 വീടുകളിൽ 1185 വീടുകളുടെ നിർമാണം പൂർത്തീകരിക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞു. എസ് സി വിഭാഗത്തിൽ 257 വീടുകളും ഒബിസി വിഭാഗത്തിൽ 1207, ജനറൽ വിഭാഗത്തിൽ 224 വീടുകളാണ് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.കേരളത്തിലെ ഭവനരഹിതരുടെ പ്രശ്നങ്ങള്‍ക്ക് സമഗ്ര പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ലൈഫ് മിഷൻ പദ്ധതി ആരംഭിച്ചത്.കേരളത്തിൽ ആദ്യമായി ട്രാൻസ് ജെൻ്റർ വിഭാഗത്തിൽ ഉൾപ്പെട്ട ഗുണഭോക്താവിന് പി എം എ വൈ (അർബൻ)-ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭവന നിർമ്മാണ ആനുകൂല്യം നൽകി നഗരസഭ മാതൃകയായിട്ടുണ്ട്.കൂടാതെ പി എം എ വൈ (അർബൻ)-ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കളെ അയ്യങ്കാളി പദ്ധതിയിൽ ഉൾപ്പെടുത്തി 32474 തൊഴിൽ ദിനങ്ങൾ നൽകാനും സാധിച്ചു.ഒപ്പം ക്യാംപയിനിൻ്റെ ഭാഗമായി പിഎംഎവൈ (അർബൻ)-ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ കൗമാരപ്രായക്കാരായ പെൺമക്കൾക്ക് ആർത്തവ കപ്പ് വിതരണവും ബോധവൽക്കരണവും സംഘടിപ്പിച്ചു.ലൈഫ് പദ്ധതയിൽ അർഹതപ്പെട്ടവരെ ഉൾപ്പെടുത്തി കൃത്യമായി പദ്ധതി ലക്ഷ്യപ്രാപ്തിയിലെത്തിക്കാൻ വേണ്ട പ്രവർത്തനങ്ങളാണ് നഗരസഭ നടത്തി വന്നതെന്ന് നഗരസഭാ ചെയർപേഴ്സൺ ജാനകി ദേവി പറഞ്ഞു. ഉദ്യോഗസ്ഥരുടെയും കൗൺസിലർമാരുടെയും കൂട്ടായ പ്രവർത്തന ഫലമായാണ് പുരസ്കാരം ലഭ്യമായതെന്നും തുടർ പ്രവർത്തനങ്ങൾ നടത്തുമെന്നും ചെയർപേഴ്സൺ കൂട്ടിച്ചേർത്തു.