തിരുവില്വാമല: വില്വാദ്രിനാഥ ക്ഷേത്രത്തിന് സമീപം നടക്കുന്ന ഗായത്രീ മഹായജ്ഞത്തിന് നാളെ പരിസമാപ്തിയാകും. ഏഴാം ദിവസം ശനിയാഴ്ച്ച സ്വാമി ഗുരുബാബാനന്ദ സരസ്വതി, തഹസില്‍ദാര്‍ കൃഷ്ണന്‍, ഹിന്ദു മഹാസഭ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വി.സി.രാജഗോപാല്‍, അമ്പാടി നാരായണീയ ഏകോപന സമിതി ആചാര്യന്‍ അമ്പാടി സതീഷ്, തിരുവില്വാമല ഗ്രാമപഞ്ചായത്ത് അംഗം കെ.ബാലകൃഷ്ണന്‍, ഉമേഷ് തുടങ്ങിയവര്‍ യജ്ഞശാലയിലെത്തി ആശംസ അറിയിച്ചു.യജ്ഞശാലയില്‍ ഡോ. ശ്രുതിയുടെ നേതൃത്വത്തില്‍ ഗുജറാത്തി നൃത്തരൂപമായ ഗര്‍ഭ അവതരിപ്പിക്കപ്പെട്ടു. ആദിത്യ ഷോബിയുടെ ഓട്ടന്‍തുള്ളലും അരങ്ങേറി. ചുനങ്ങാട് ആറുമുഖന്‍ ഗുരുസ്വാമി അയ്യപ്പന്‍പാട്ട് അവതരിപ്പിച്ചു. ഇതിനിടെ, തിരുനാവായയില്‍ നടക്കുന്ന മാഘമക ഉത്സവത്തിന്റെ രഥയാത്രയ്ക്ക് സംന്യാസിമാരുടെ നേതൃത്വത്തില്‍ പാമ്പാടിയില്‍ സ്വീകരണം നല്‍കി. ശനിയാഴ്ച്ച പുലര്‍ച്ചെ വേദമന്ത്രജപം, സൂക്തജപം, മൂലമന്ത്രഹോമം എന്നിവയ്ക്കു ശേഷം ഒന്നാം ഘട്ട ഗായത്രീ ഹവനം ആരംഭിച്ചു. രണ്ടാം ഘട്ട ഹവനത്തിനു ശേഷം വസോര്‍ധാര, മഹാപൂര്‍ണാഹുതി, മംഗളാരതി, ആശീര്‍വാദം, മന്ത്രപുഷ്പം, കലശാഭിഷേകം എന്നിവ നടന്നു. ഉച്ചയ്ക്കുശേഷം നാരായണീയ പാരായണം ഉണ്ടായിരുന്നു. തുടര്‍ന്ന് അടുത്ത ഘട്ടം ഗായത്രീ ഹവനം, വൈകീട്ട് മംഗളാരതി, ദീപാരാധന എന്നിവയോടെ ഏഴാം ദിവസം പൂര്‍ത്തിയാക്കി. മഹാമണ്ഡലേശ്വര്‍ സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജ്, സ്വാമി ബ്രഹ്മാനന്ദ സരസ്വതി മഹാരാജ്, വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠാധീശ്വര്‍ ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് എന്നിവര്‍ നേതൃത്വം നല്‍കി.അഭീഷ്ട വരദായനിയും അനുഗ്രഹകാരിണിയുമായ ഗായത്രീദേവിയുടെ പ്രത്യക്ഷസാന്നിധ്യത്താല്‍ അനുഗ്രഹീതമായ യജ്ഞശാല നാളെ വൈകീട്ട് 4 മണിക്ക് അഗ്നിക്ക് സമര്‍പ്പിക്കുന്നതോടെ മഹായജ്ഞത്തിന് പരിസമാപ്തിയാകും.